മകന് ഒരു കോടി ഡോളര്‍ കിട്ടാന്‍ മരിക്കാന്‍ തയാറായി പിതാവ്, പിന്നീട് സംഭവിച്ചത്

സൗത്ത് കരോലിന- ഒരു കോടി ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക മകന് കിട്ടാനായി മരിക്കാന്‍ തയ്യാറായി ഒരു പിതാവ്. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഇതിനായി അലക്‌സ് മറഡാം എന്നയാള്‍  വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. കാര്‍ യാത്രാ മധ്യേ വിജനമായ സ്ഥലത്ത് വെച്ച് കൊലയാളി അലക്‌സിന്റെ  തലയ്ക്കു നേരെ വെടിയുതിര്‍ത്തുവെങ്കിലും സംഭവം മറ്റൊരു രീതിയിലാണ് അവസാനിച്ചത്.
അലക്‌സിന്റെ  തലയ്ക്കു പരിക്കേറ്റു  നിലത്തു വീണ വിവരം പോലീസിനെ വിളിച്ച് അറിയിച്ച ശേഷമാണ് വാടകക്കൊലയാളി സ്ഥലം വിട്ടത്.  സ്ഥലത്തെത്തിയ പോലീസ് അലക്‌സിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അയാള്‍ സംഭവിച്ചതെല്ലാം പോലീസിനോടു വിശദീകരിച്ചു. താനാണ് കൊലയാളിയെ തോക്ക് ഏല്‍പിച്ചതെന്നും പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്നും അലക്‌സ് പോലീസിനോട് പറഞ്ഞു.
വെടിവച്ചതിനു ശേഷം രക്ഷപ്പെട്ട കര്‍ട്ടിസ് എഡ്‌വേര്‍ഡ് (61) എന്ന വാടകകൊലയാളിയെ പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അലക്‌സ് ലഹരി മരുന്നിന് അടിമയായിരുന്നുവെന്നും മാസങ്ങള്‍ക്കു മുന്പ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്റെ വെടിയേറ്റു മരിച്ചതിനുശേഷം വിഷാദം ബാധിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

 

Latest News