Sorry, you need to enable JavaScript to visit this website.

മുട്ടിപ്പായി പ്രാർഥിക്കട്ടെ, ബിഷപ്പിന്റെ മാനസാന്തരത്തിനായി...

മതങ്ങളെല്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സ്രോതസ്സുകളാണെന്ന പഴഞ്ചൊല്ലാവർത്തിച്ചുകൊണ്ട് ഇനിയും മതസൗഹാർദം നിലനിർത്താനാവില്ലെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. മതത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും മറവിൽ വർഗീയ രാഷ്ട്രീയം വളർത്താനാഗ്രഹിക്കുന്നവർ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ ക്രമേണ കേരളത്തിലും സജീവമാവുകയാണോ എന്ന് ഭയപ്പെടണം. പാലായിലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഏറ്റവുമൊടുവിലത്തെ ഇടയപ്രഭാഷണവും അതിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം വിശ്വാസികളുടെയും സംഘപരിവാര നേതാക്കളുടെയും പ്രകടനങ്ങളും കാണുമ്പോൾ ഈ ഭയം അകാരണമല്ലെന്നും വിചാരിക്കേണ്ടിവരും.
പുതിയൊരു വർഗീയ ധ്രുവീകരണത്തിന്റെ കേളികൊട്ടായാണ് പാലായിൽനിന്നുയർന്ന, അസഹിഷ്ണുതയുടെ നിർല്ലജ്ജ പ്രകടനമെന്നു മാത്രം വിളിക്കാവുന്ന  ആ പ്രഭാഷണത്തെ കേരള സമൂഹം പൊതുവിൽ കാണുന്നത്. എല്ലാ മതത്തിലും പെട്ടവരും ഒരു മതത്തെയും വിശ്വാസത്തിലെടുക്കാൻ സന്നദ്ധരല്ലാത്ത എന്നെപ്പോലുള്ളവരും ബിഷപ്പിന്റെ പ്രസംഗത്തെ അപലപിക്കുന്നതിന്റെ കാരണവും അതാണ്. ഒരു പരിഷ്‌കൃത സമൂഹത്തിൽ ആദരവർഹിക്കുന്ന പദവികളിലിരിക്കുന്നവർ പാലിക്കുമെന്ന് കരുതപ്പെടുന്ന സാമാന്യമായ മനുഷ്യ മര്യാദകളുടെയും സാമാന്യ ബുദ്ധിയുടെയും കണിക പോലുമില്ലാത്ത വ്യാജമായ ആരോപണങ്ങളാണ് പാലാ ബിഷപ്പ് ഉന്നയിച്ചതെന്ന് കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.  
സാമൂഹിക ബോധമുള്ള കേരളത്തിലെ അറിയപ്പെടുന്ന ക്രൈസ്തവ പുരോഹിത മുഖ്യൻമാർക്കു പോലും അതിനെ വിമർശിക്കേണ്ടിവന്നുവെന്നോർക്കുക.. ദേശീയ തലത്തിൽ വർഗീയതയെ രാഷ്ട്രീയായുധമാക്കുന്നവർക്ക് അനുകൂലമായൊരു പശ്ചാത്തലം സൃഷ്ടിക്കാൻ മാത്രം ഉതകുന്ന ഈ അന്യമത വിദ്വേഷം ഒരു ക്രിസ്ത്യൻ മതമേധാവിയിൽനിന്നുണ്ടായത് ക്രൈസ്തവ സമൂഹത്തിനാകെ അപമാനകരമായെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നിട്ടും അത് തിരുത്തുവാനും കേരള സമൂഹത്തോട് (മുസ്‌ലിംസമുദായത്തോടല്ല) മാപ്പുപറയുവാനും അദ്ദേഹം തയാറാവുന്നില്ലെന്നത് ഒരു മാരകമായ രോഗത്തിന്റെ ലക്ഷണമാണ്. സംഘപരിവാരത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും അജണ്ടകൾ നടപ്പാക്കുകയെന്ന ഉത്തരവാദിത്തം ഒരു ബാധ്യതയായി ഏറ്റെടുത്തവർക്കു മാത്രം ഉണ്ടാവാനിടയുള്ള ഒരു നിലപാടാണത്. ആ നിലപാടിന്റെ രാഷ്ട്രീയം രഹസ്യമല്ലതാനും. 
പ്രധാനമന്ത്രിയോടും ബി.ജെ.പിയോടുമുള്ള ചില വിഭാഗം ക്രിസ്ത്യൻ മതമേധാവികളുടെ വിധേയത്വത്തിന്റെ സമീപകാല പ്രകടനങ്ങളെക്കുറിച്ചും അതിന്റെ പിന്നിലെ നിക്ഷിപ്ത താൽപര്യങ്ങളെക്കുറിച്ചുമെല്ലാം സമൂഹം ചർച്ച ചെയ്യുന്നുമുണ്ട്. പാലാ ബിഷപ്പിന്റെ വർഗീയ പ്രഭാഷണത്തിന്റെ ഉദ്ദേശ്യവും അത്ര നിഷ്‌കളങ്കമല്ല. സാമുദായിക സ്പർധയും അന്യമത വിദ്വേഷവും വളർത്തി കേരളത്തെ കാവിവൽക്കരിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മാത്രമേ പാലാ ബിഷപ്പിന്റെ അവാസ്തവങ്ങൾ നിറഞ്ഞതും അനുചിതവുമായ ആ അസഹിഷ്ണുതാ പ്രകടനത്തെ കാണാനാവൂ. 
സമൂഹത്തിൽ കലാപം വിതച്ചിട്ടായാലും സംഘപരിവാര ഭരണകൂടത്തെ പ്രീണിപ്പിച്ച് സ്വന്തം സഭയും അതിന്റെ പേരിൽ പടുത്തുയർത്തിയ സാമ്പത്തിക സാമ്രാജ്യവും സംരക്ഷിക്കാമെന്ന വ്യാമോഹമായിരിക്കാം, സമൂഹത്തിലെ മറ്റൊരു സമുദായത്തെ ഒറ്റുകൊടുക്കുന്ന വർഗീയ ചിന്തയിലേക്ക് ചില മതനേതാക്കളെ നയിക്കുന്നത്. തെറ്റു തിരുത്തി ക്ഷമ പറയുന്നതിലൂടെ താൻ അത്തരം ഒരാളല്ല എന്ന് തെളിയിക്കുവാൻ ബിഷപ്പിന് കഴിയുമായിരുന്നു. പ്രാഥമികമായ മനുഷ്യ മര്യാദയും സാമൂഹിക ബോധത്തിന്റെ പിൻബലമുള്ള നേരിയ വിവേകവും മാത്രമേ അതിനാവശ്യമുള്ളൂ.
ബിഷപ്പിന്റെ പ്രസംഗം മുസ്‌ലിം സമുദായത്തിന്റെയല്ല,  കേരള സമൂഹത്തിന്റെയാകെ പ്രബുദ്ധതയെയാണ് വെല്ലുവിളിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലല്ലാതെ, തന്റെ മതത്തിൽനിന്ന് വലിയ വ്യത്യാസമൊന്നുമില്ലാത്ത മറ്റൊരു ആഗോള മതത്തെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പ്രതിസ്ഥാനത്തു നിർത്തുവാൻ ഉന്നത വിദ്യാസമുള്ള ഒരു ബിഷപ്പ് മുതിരുന്നത്് അദ്ദേഹം നേതൃത്വം നൽകുന്ന സഭയ്ക്കു മാത്രമല്ല, ക്രൈസ്തവർക്കാകെയും നാണക്കേടുണ്ടാക്കുന്ന സംഗതിയാണ്. (ക്രിസ്ത്യൻ നാമധാരിയാണെങ്കിലും ആ മതത്തിന്റെയും പൗരോഹിത്യത്തിന്റെയും കുഞ്ഞാടല്ലാത്ത എനിക്കു പോലും അതുകേട്ട് ലജ്ജ തോന്നിയെന്ന വാസ്തവം ഞാനെന്തിന് മറച്ചുവെക്കണം?) പതിനൊന്നാം നൂറ്റാണ്ടു മുതൽ പലവട്ടം ആവർത്തിക്കപ്പെട്ട കുരിശുയുദ്ധങ്ങളുടെ പ്രേതബാധയാണോ ബിഷപ്പിനെ ആവേശിച്ചിരിക്കുന്നതെന്ന മലയാളികളുടെ സംശയം ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്തം ബിഷപ്പിനു തന്നെയാണ്. ഇത്തരം വിദ്വഷ പ്രചരണമാണോ ബിഷപ്പ് പഠിച്ച വേദപുസ്തകവും യേശുവിന്റെ ജീവിതവും ഉദ്ഘോഷിക്കുന്നത്?  പാലാക്കാരൻ കൂടിയായ മലയാളത്തിന്റെ വലിയ എഴുത്തുകാരൻ സക്കറിയ ചോദിച്ച ആ ചോദ്യത്തോടെങ്കിലും ബിഷപ്പ് പ്രതികരിച്ചു കാണാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്.
സ്വന്തം മഠങ്ങളിലെ കന്യാസ്ത്രീകൾ പുരോഹിതന്മാരാൽ പീഡിപ്പിക്കപ്പെടുമ്പോഴും അഭയയെപ്പോലുള്ള പാവങ്ങളുടെ ജഡം കിണറ്റിൽനിന്ന് കണ്ടെത്തപ്പെടുമ്പോഴും പ്രതികൾക്കു വേണ്ടി സഭാസംവിധാനത്തിന്റെ പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവും നിർല്ലജ്ജം ഉപയോഗപ്പെടുത്തുമ്പോഴൊന്നും ഒരക്ഷരം മിണ്ടാതിരുന്ന ബിഷപ്പ്, സ്വന്തം വീടുകളിൽ വളരുന്ന വിദ്യാസമ്പന്നരും വിവേകികളും സ്വതന്ത്ര ചിന്താഗതിക്കാരും സാമൂഹിക ബോധമുള്ളവരുമായ ക്രിസ്ത്യാനിപ്പെണ്ണുങ്ങളുടെ സുരക്ഷക്കു വേണ്ടിയെന്ന മട്ടിൽ നടത്തുന്ന ഈ അന്യമതത്തോടുള്ള വിദ്വേഷ പ്രസംഗം ഭാഗ്യവശാൽ മഹാഭൂരിപക്ഷം ക്രിസ്ത്യൻ സമുദായാംഗങ്ങളും പുഛത്തോടെയേ കാണൂ എന്നെനിക്കുറപ്പാണ്. കാരണം, നല്ല തെളിമലയാളത്തിലുള്ള മനോഹരമായ മലയാളം ബൈബിൾ വായിച്ചുവളർന്നരാണവർ. താൻ നടത്തിയ വിദ്വേഷ പ്രസംഗത്തോടുള്ള കേരള സമൂഹത്തിന്റെ പ്രതികരണങ്ങളെപ്പോലും അവഗണിക്കുവാൻ പോന്ന മനോഭാവം ഒരു വൈദിക മുഖ്യന് ഭൂഷണമല്ല. 
ഭക്തനോ മതാനുയായിയോ അല്ലെങ്കിലും എല്ലാ മതത്തിലുംപെട്ട ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആദരണീയരായ പുരോഹിത മുഖ്യന്മാരിൽ ചിലരുമായെങ്കിലും സൗഹൃദം സ്ഥാപിക്കുവാനിടയായ ഒരാളായതുകൊണ്ടാണ ബിഷപ്പിൽനിന്ന് തെറ്റു തിരുത്തുകയെന്ന സാമാന്യ മനുഷ്യ മരാ്യദ ഞാൻ പ്രതീക്ഷിച്ചുപോയത്. ഒരുപക്ഷേ, ഏറ്റെടുത്ത ആത്മീയേതരമായ ഏതോ ചില ഉത്തരവാദിത്തങ്ങളായിരിക്കാം അതിൽനിന്ന് അദ്ദേഹത്തെ തടയുന്നത്. ചിലപ്പോൾ വെറും അജ്ഞതയുമായിരിക്കാം. 
സംശയത്തിന്റെ ആനുകൂല്യം ഏത് പ്രതിക്കും കോടതികൾ പോലും നൽകാറുണ്ടെന്നത് ഞാൻ വിസ്മരിക്കുന്നില്ല. അതെന്തായാലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെപ്പോലെ തന്നെ കേരള സംസ്‌കാരത്തിന്റെ നിർമിതിയിൽ ഭാഗഭാക്കുകളായ ക്രൈസ്തവ സമുദായത്തിനാകെ അപമാനമുണ്ടാക്കാനും  മതേതര കേരള സമൂഹത്തെ വിഭജിക്കുവാനും മാത്രമേ തന്റെ നാർകോട്ടിക് ജിഹാദി പ്രസംഗവും സംസ്‌കാരത്തിന് നിരക്കാത്ത ഈ നിലപാടും ഉപകരിക്കൂ എന്ന്  ബിഷപ്പ് തിരിച്ചറിഞ്ഞേ തീരൂ. ഇല്ലെങ്കിൽ, അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തുവാൻ ക്രൈസ്തവ സമുദായം തന്നെ സന്നദ്ധമാവണമെന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന.
എത് മതതീവ്രവാദത്തേയും പോലെ മുളയിലേ കരിച്ചുകളയേണ്ട ഒന്നു തന്നെയാണ് ക്രൈസ്തവ മതതീവ്രവാദവും. മനുഷ്യപ്പറ്റുള്ള ഒരു നല്ല കർഷക ജനത ജാതി-മത സ്പർധകളില്ലാതെ നൂറ്റാണ്ടുകളായി ഒരുമയോടെ പണിയെടുത്ത് ജീവിക്കുന്ന ഒരു നാട്ടിലെ, (കേരളത്തിലെ വത്തിക്കാനെന്ന വിശേഷണം കൂടിയുള്ള പാലായിലെ) അരമനയുടെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് കേരള സമൂഹത്തിൽ വിഷവിത്തുകൾ വാരിയെറിയാൻ ഒരു ബിഷപ്പിനെയും ക്രിസ്ത്യാനികളുൾപ്പടെ നല്ല മലയാളികൾ അനുവദിക്കുമെന്നു തോന്നുന്നില്ല. അതറിയാമായിരുന്ന പാലാക്കാരനായ ഒരു ക്രിസ്ത്യൻ വേദശാസ്ത്ര പണ്ഡിതൻ അവിടെ അൽപകാലം മുമ്പു വരെയും ജീവിച്ചിരുന്നു- സഭയുടെ കണ്ണിലെ കരടായി. ഓശാന മാസികയുടെ പത്രാധിപരും മനുഷ്യാവകാശപ്രവർത്തകനുമായിരുന്ന ജോസഫ് പുലിക്കുന്നേൽ. 
നവ സാക്ഷരർക്കു പോലും വായിച്ചാൽ മനസ്സിലാവുന്ന പച്ചമലയാളത്തിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ബൈബിൾ വായിച്ചപ്പോൾ, മനസ്സ്് വെച്ചാൽ ബിഷപ്പുമാർക്കു പോലും ഗ്രഹിക്കാനാവുന്നതാണല്ലോ അതെന്നാണ് എനിക്ക് തോന്നിയത്. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ ബിഷപ്പുമാരിൽ പലരും ബൈബിളിന്റെ മഹത്തായ സ്നേഹസന്ദേശം ശരിയായി മനസ്സിലാക്കുന്നില്ല?  ഈശ്വര നിശ്ചയമായിരിക്കാം എന്നേ പറഞ്ഞുകൂടൂ.
ഏത് തിയോളജിയേക്കാളും വലുതാണ് പ്രിയപ്പെട്ട ബിഷപ്പ്, മാനവികത. അതുകൊണ്ട് മുട്ടിപ്പായി പ്രാർത്ഥിച്ച്, പശ്ചാത്തപിച്ച് കർത്താവിങ്കലേക്ക് എത്രയും വേഗം അങ്ങ് തിരച്ചുവരണമെന്ന് പ്രാർത്ഥിക്കുകയല്ലാതെ ഞങ്ങൾ പാപികൾക്ക് എന്തു ചെയ്യാനാവും?          (എഫ്.ബി പോസ്റ്റ്)
 

Latest News