കോട്ടയം- നാര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ചര്‍ച്ച നടത്തി. മതേതരത്വം സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും അതു കൊണ്ടാണ് വിവാദ വിഷയത്തില്‍ സമാവയത്തിനു ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. മതേതരത്വത്തിന് പോറലേല്‍ക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ അദ്ദേഹം ചങ്ങനാശ്ശേരി ബിഷപ്പിനെയും കണ്ടിരുന്നു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമവായ ചര്‍ച്ചക്ക് മുന്‍കയ്യെടുക്കേണ്ടത് സര്‍ക്കാരാണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. എന്നാല്‍ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതെ നോക്കിനില്‍ക്കുകയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.