പട്‌ന- സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ധനസഹായത്തിനായി കാത്തിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് 906.2 കോടി രൂപ! ഇതറിഞ്ഞ് ഞെട്ടിയ നാട്ടുകാര്‍ തങ്ങളുടെ പാസ്ബുക്കും കാര്‍ഡുകളുമെടുത്ത് ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും ഓടി. തങ്ങളുടെ അക്കൗണ്ടിലും പണം എത്തിയിട്ടുണ്ടോ എന്നറിയാനുള്ള വ്യഗ്രതയില്‍ പ്രദേശത്തെ ബാങ്കിലും എടിഎമ്മിലും തിരക്കോട് തിരക്കായി. ബിഹാറിലെ കടിയാറിലാണ് സംഭവം.
ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആഷിശും ഗുരുചരണ്‍ വിശ്വാസും ഉത്തര്‍ ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലെ തങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒറ്റരാത്രികൊണ്ട് തങ്ങള്‍ കോടിപതികളായ വിവരം അറിയുന്നത്. ഒരു സര്‍ക്കാര്‍ പദ്ധതി പ്രകാരം ലഭിക്കേണ്ട പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ബാങ്കിലെത്തിയതായിരുന്നു ഇവര്‍. അപ്പോഴാണ് ആഷിശിന്റെ അക്കൗണ്ടില്‍ 6.2 കോടി രൂപയും ഗുരുചരണിന്റെ അക്കൗണ്ടില്‍ 900 കോടി രൂപയും വന്നതായി കണ്ടെത്തിയത്.
സംഭവം നാട്ടിലാകെ പാട്ടായതോടെ എല്ലാവരും തങ്ങളേയും ഭാഗ്യ കടാക്ഷിച്ചിട്ടുണ്ടോ എന്നറിയാനായി എടിഎം കാര്‍ഡും പാസ്ബുക്കുമെടുത്ത് ബാങ്കുകളിലേക്ക് ഓടുകയായിരുന്നു. ബാങ്ക് സംഭവം പരിശോധിച്ചു വരികയാണ്. പണ അയക്കുന്നിടത്തുണ്ടായ സാങ്കേതിക പിഴവാകാം ഇത്ര തുക അക്കൗണ്ടിലെത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ട് ബാലന്‍സ് സ്റ്റേറ്റ്‌മെന്റില്‍ ഇത്രവലിയ തുക കാണിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് അക്കൗണ്ടില്‍ ഇല്ലെന്നാണ് ബാങ്ക് മാനേജര്‍ പറയുന്നത്. ബാങ്കില്‍ നിന്ന് റിപോര്‍ട്ട് തേടിയതായി കടിയാര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉദയന്‍ മിശ്ര അറിയിച്ചു.
പട്‌നയില്‍ കഴിഞ്ഞ ദിവസം അക്കൗണ്ടിലേക്ക് മാറിവന്ന അഞ്ച് ലക്ഷം രൂപ പ്രധാനമന്ത്രി മോഡി തന്ന ആദ്യ ഘഡുവാണെന്ന് വാദിച്ച് തിരികെ നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.