Sorry, you need to enable JavaScript to visit this website.

തന്നെ കൊലപ്പെടുത്താന്‍ സഹതടവുകാര്‍ക്ക് അഞ്ച്   കോടിയുടെ ക്വട്ടേഷന്‍ എന്നു കൊടി സുനിയുടെ മൊഴി

തിരുവനന്തപുരം- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ 2 സഹ തടവുകാര്‍ക്ക് 5 കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്നു ടിപി കേസ് പ്രതി കൊടി സുനിയുടെ മൊഴി. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണു ക്വട്ടേഷന്‍ ഏല്‍പിച്ചതെന്നും താന്‍ ഇത് അറിഞ്ഞതിനാല്‍ പ്ലാന്‍ നടപ്പായില്ലെന്നും വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയില്‍ ഡിഐജിക്കു കൊടി സുനി മൊഴി നല്‍കി.
ജയില്‍ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഫഌറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു കൊടുവള്ളി സംഘം ക്വട്ടേഷന്‍ ഏല്‍പിച്ചതെന്നാണു സുനിയുടെ മൊഴി. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ചു സുനിക്കു വിവരം ലഭിച്ചതും ഫോണ്‍ വഴിയാണ്.
ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ സുനിയെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. അനൂപ് ഏതാനും മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഉത്തരമേഖലാ ജയില്‍ ഡിഐജി എം.കെ.വിനോദ് കുമാര്‍ നാളെ പൂജപ്പുരയിലെത്തി റഷീദിന്റെ മൊഴിയെടുക്കും. ഒരു മാസത്തിനിടെ 223 പേരുടെ ഫോണുകളിലേക്ക് 1346 തവണ റഷീദ് ഫോണ്‍ ചെയ്‌തെന്ന സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തലിനെക്കുറിച്ചും വിവരം ശേഖരിക്കും.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരെ കടുത്ത അതൃപ്തി അറിയിച്ചു. ജയില്‍ ഡിജിപി ഷേക് ദര്‍വേഷ് സാഹേബിനോടു നേരില്‍ കണ്ടു വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായാണു വിവരം
 

Latest News