പൂനെ- കാമുകിയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച ശേഷം കവര്‍ച്ചക്കിരയായതായി പരാതി നല്‍കിയ സംഭവത്തില്‍ 29 കാരന്‍ അറസ്റ്റില്‍. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കാമുകന്‍ ആരിഫ് ശൈഖാണ് യുവതിയെ സസ് വാദ് റോഡിലെ ഫാം ഹൗസില്‍ വെച്ച് ആക്രമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
യുവതി കോന്ദ്വ പോലീസില്‍ പരാതി നല്‍കിയതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പൂനെ പോലീസ് പറഞ്ഞു.
കാമുകിയെ മൂന്നംഗ കവര്‍ച്ച സംഘം ആക്രമിച്ചുവെന്ന് ഓഗസ്റ്റ് 16-നാണ് ആരിഫ് ശൈഖ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. യുവതിയെ പരിക്കേല്‍പിച്ച കവര്‍ച്ചക്കാര്‍ 25,000 രൂപയുടെ സ്വര്‍ണ മാല കവര്‍ന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അജ്ഞാതരായ കവര്‍ച്ചക്കാര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പരാതിക്കാരന്‍ തന്നെയാണ് പ്രതിയെന്ന വിവരം ലഭിച്ചത്.






