Sorry, you need to enable JavaScript to visit this website.

പാവങ്ങള്‍ക്കും വേണം വാക്‌സിന്‍, ദരിദ്ര രാജ്യങ്ങള്‍ക്ക് 200 ദശലക്ഷം ഡോസ് കൂടി പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂനിയന്‍

ബ്രസ്സല്‍സ്- കോവിഡ് മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധത്തിന് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വാക്‌സിനെത്തിക്കുകയെന്നത് പ്രഥമദൗത്യമായി യൂറോപ്യന്‍ യൂനിയന്‍ കാണുന്നതായും വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്കായി 200 ദശലക്ഷം ഡോസുകള്‍ കൂടി ഉടനെത്തിക്കുമെന്നും ഇ.യു പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്‍ പറഞ്ഞു.
അടുത്ത വര്‍ഷം മധ്യത്തോടെ ഇത്രയും ഡോസുകള്‍കൂടി വിവിധ രാജ്യങ്ങളിലെത്തിക്കും, നേരത്തെ വാഗ്ദാനം ചെയ്ത 250 ദശലക്ഷം ഡോസിന് പുറമേയാണിത്.
സമ്പന്ന രാജ്യങ്ങള്‍ രണ്ട് ഡോസും കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസുകളിലേക്ക് കടക്കുമ്പോഴും പല ദരിദ്രരാജ്യങ്ങളും ഒരു ഡോസ് പോലും നല്‍കാനാവാതെ വിഷമിക്കുകയാണ്. വാക്‌സിന്‍ അസന്തുലിതത്വം എന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. മുഴുവന്‍ ലോകവും വാക്‌സിനേറ്റഡ് അല്ലെങ്കില്‍ രോഗ പ്രതിരോധം പാളും. ദരിദ്രരാജ്യങ്ങളാവട്ടെ, പണമില്ലാത്തതിനാലും വാക്‌സിന്‍ ലഭ്യതക്കുറവുംമൂലം ബുദ്ധിമുട്ടുകയാണ്.
ആഗോള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുകയാണ് തങ്ങളുടെ അടിയന്തര മുന്‍ഗണനയെന്ന് വോണ്‍ ദെര്‍ ലെയന്‍ പറഞ്ഞു. ആഫ്രിക്കയിലെ വാക്‌സിന്‍ ഉല്‍പാദനശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 120 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും യൂറോപ്യന്‍ യൂനിയന്‍ പറഞ്ഞു.

 

Latest News