Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ വില്‍പ്പന ഇനി നീളില്ല; ടാറ്റയും സ്‌പൈസ് ജെറ്റും ബിഡുകള്‍ സമര്‍പ്പിച്ചു

ന്യൂദല്‍ഹി- അര ലക്ഷത്തോളം കോടി രൂപയുടെ കടത്തില്‍ മുങ്ങി കുത്തുപാളയെടുത്ത ദേശീയ വിമാന കമ്പനി എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും ഫിനാന്‍ഷ്യല്‍ ബിഡുകള്‍ സമര്‍പ്പിച്ചു. ഇതിനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു. എയര്‍ ഇന്ത്യ വില്‍പ്പന ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫിനാന്‍ഷ്യല്‍ ബിഡുകള്‍ ലഭിച്ചതോടെ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ധനമന്ത്രാലയത്തിലെ നിക്ഷേപ, പൊതു ആസ്തി നിര്‍വഹണ വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. ബിഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 15 ആണെന്ന് ഇത് ഇനിയും ഒരിക്കലും നീട്ടില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു. 

43,000 കോടി രൂപയുടെ കടത്തിലാണ് എയര്‍ ഇന്ത്യ പറന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ 22,000 കോടി രൂപയുടെ കടം എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടേയും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കരാര്‍ പദ്ധതി. ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 50 ശതമാനം ഓഹരികളും വില്‍ക്കും. 

1932 ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ടാറ്റയാണ് വിമാനക്കമ്പനിക്ക് തുടക്കമിട്ടത്. 1946ല്‍ എയര്‍ ഇന്ത്യ എന്നു പേരുമാറ്റി. 1953ല്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ ഏറ്റെടുത്തെങ്കിലും ജെആര്‍ഡി ടാറ്റ 1977 വരെ കമ്പനി ചെയര്‍മാനായി തുടര്‍ന്നു. ഇന്ന് ഇന്ത്യയില്‍ എയര്‍ ഇന്ത്യയ്ക്ക് 4400 ഡൊമസ്റ്റിക് സ്ലോട്ടുകളും 1800 ഇന്റര്‍നാഷനല്‍ സ്ലോട്ടുകളും വിദേശത്ത് 900 സ്ലോട്ടുകളും ഉണ്ട്.
 

Latest News