പത്തനംതിട്ട- നിരണം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വനിതാ ഡോക്ടറെ അസഭ്യം പറയുകയും വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത 42 കാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നിരണം കൂറ്റമ്പള്ളില്‍ വീട്ടില്‍ ഷിബു എന്നു വിളിക്കുന്ന തോമസ് ഗീവര്‍ഗീസ് ആണ് അറസ്റ്റിലായത്.
നിരണം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറ്റിയത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനായാണ് ഷിബു ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. 35 ദിവസം മുമ്പാണ് ഇയാള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസത്തിന് ശേഷം മാത്രമേ രണ്ടാം ഡോസ് നല്‍കാനാകു എന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെ ഷിബു ഡോക്ടറെ അസഭ്യം പറയുകയും ഡോക്ടറുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും മറ്റ് രോഗികളും ചേര്‍ന്ന് ഷിബുവിനെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറുകയായിരുന്നു.
തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






