Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

നാർകോട്ടിക് ജിഹാദും മുന്നണികളുടെ വോട്ട് ബാങ്കും

കഴിഞ്ഞ ദിവസം അറിയിപ്പ് എന്ന പേരിൽ വാട്‌സ്ആപ്പിൽ പ്രചരിച്ച ഒരു സന്ദേശം ഇങ്ങനെയായിരുന്നു. 'മയക്കുമരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റു മതക്കാരുടെ കൈയിൽ നിന്ന് വാങ്ങിച്ച് വെറുതെ വർഗീയ പ്രശ്‌നം ഉണ്ടാക്കരുത്.'  തമാശയ്ക്ക്  ആരോ എഴുതി വിട്ട വാക്കുകളാണെങ്കിലും പാലാ ബിഷപ്പ് കണ്ടുപിടിച്ച നാർകോട്ടിക് ജിഹാദ് എന്ന പുതിയ പദത്തിന് ഇത്രയും ലളിതമായ നിർവചനം ഇതുവരെ മലയാളത്തിൽ വേറെ കണ്ടിട്ടില്ല. ഇസ്‌ലാമോഫോബിയ മയക്കുമരുന്നിനേക്കാൾ വേഗത്തിൽ തലയ്ക്ക് പിടിക്കുമ്പോൾ മലയാളത്തിൽ ഇത്തരം പുതിയ പദങ്ങൾ ഇനിയും കുറേയധികം വന്നുകൊണ്ടിരിക്കും. കാരണം മറ്റൊന്നുമല്ല, കേരളത്തിൽ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന മതേതരത്വത്തിന്റെ പുറംതോട് പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെയുള്ളിലെ വർഗീയതയുടെ  ചൂടും ചൂരും അന്തരീക്ഷത്തിലേക്ക് വമിച്ചുകൊണ്ടിരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവന അതിന് തീപടർത്തിയെന്ന് മാത്രം. 
നമ്മൾ മലയാളികൾ ഊറ്റംകൊള്ളുന്ന പലതും വെറും നീർകുമിളകൾ മാത്രമാണെന്നും അത് പൊട്ടിപ്പോകുമ്പോഴാണ് ഉത്തരവാദപ്പെട്ട മതമേലധ്യക്ഷൻമാരിൽ ചിലരിൽ നിന്ന് നാർകോട്ടിക്ക് ജിഹാദ് പോലുള്ള പുതിയ വാക്കുകൾ രൂപപ്പെടുന്നത്. ഭാഷാ പണ്ഡിതനായ ഡോ.ഹെർമ്മൻ ഗുണ്ടർട്ടിന്റെ മലയാള ഭാഷാ നിഘണ്ടു പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്ന് ആരും കരുതേണ്ട. മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുമ്പോൾ ആയുധങ്ങൾക്കല്ല, മറിച്ച് വാക്കുകൾക്കാണ് ശക്തിയെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞ ചിലരുടെ ഗൂഢ തന്ത്രങ്ങളാണിത്.  മതേതരത്വത്തിന്റെ കവചം ആഗ്രഹിക്കുന്ന കേരളത്തിലെ പൊതു സമൂഹം പോലും നാർകോട്ടിക്  ജിഹാദ് എന്ന സമസ്യയിലേക്ക് വഴുതിവീണു പോകുന്നുവെന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം. അതിന് കൊടുക്കേണ്ടി വരുന്ന വില ചെറുതായിരിക്കില്ല.
മതങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനായി നേരത്തെ ലൗ ജിഹാദിലൂടെ സംഘപരിവാർ സൃഷ്ടിച്ച വാർപ്പ് മാതൃക കേരളത്തിന്റെ മുന്നിലുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് നാർകോട്ടിക് ജിഹാദ് രൂപപ്പെട്ടിട്ടുള്ളത്. പ്രശസ്ത സാഹിത്യകാരൻ സക്കറിയയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ സംഘപരിവാർ തലച്ചോറുകൾ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. കേരളത്തിൽ സംഘപരിവാറിന്റെ പണി എളുപ്പമാക്കാൻ പാലാ ബിഷപ്പിനെപ്പോലുള്ളവർ ഇതിന് പുതിയ ഭാഷ്യം ചമയ്ക്കുന്നുവെന്ന് മാത്രം.
ഹിന്ദു - ക്രിസ്ത്യൻ സമുദായങ്ങളെ തകർക്കാനായി മുസ്‌ലിം ജിഹാദികൾ ഇപ്പോൾ മയക്കുമരുന്നിനെ ആയുധമാക്കുകയാണെന്നും ഈ മതങ്ങളിലെ യുവതീ-യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കി മതം മാറ്റുകയാണെന്നും ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവർ അതിൽ വീണു പോകുന്നുണ്ടെന്നുമാണ് ബിഷപ്പ് പറഞ്ഞുവെച്ചത്. ഇത്തരക്കാർ ഭക്ഷണത്തിലും ഐസ്‌ക്രീമിലുമൊക്കെ മയക്കുമരുന്ന് കലർത്തുമെന്നും പറയുന്നു. ഇതുവരെ സ്‌നേഹം കാട്ടിയാണ് വീഴ്ത്തിയതെങ്കിൽ ഇപ്പോൾ മയക്കുമരുന്ന് കാട്ടിയാണ് വീഴ്ത്തുന്നതത്രേ. ഇങ്ങനെ വീഴാൻ വേണ്ടി മാത്രം ക്രിസ്ത്യൻ ചെറുപ്പക്കാർ മുസ്‌ലിം ജിഹാദികളുടെ പിന്നാലെ നടക്കുകയാണോയെന്ന് മാത്രം ആരും ചോദിക്കരുത്. കാരണം വളരെയധികം ആലോചിച്ച് മെനഞ്ഞുണ്ടാക്കിയ കഥയിൽ ചോദ്യങ്ങൾ പാടില്ല. ജിഹാദി ഹോട്ടൽ, ജിഹാദി ഐസ്‌ക്രീം പാർലർ എന്നിങ്ങനെ ബോർഡുകൾ വെച്ചാൽ ഇവരെ തിരിച്ചറിയാൻ പറ്റുമായിരിക്കും. മയക്കുമരുന്നിനെ പോലെ തന്നെയാണ് ഇസ്‌ലാമോഫോബിയയും. അത് തലച്ചോറിനെ തളർത്തി ഒരു തരം ഉൻമാദ അവസ്ഥയിലേക്കെത്തിക്കും. അങ്ങനെ ഉരുത്തിരിഞ്ഞ് വരുന്നതാണ് നാർകോട്ടിക് ജിഹാദ് പോലുള്ള പദങ്ങൾ. പക്ഷേ ഇതിന്റെ തീവ്രതയും വ്യാപന ശേഷിയും അതിഭയങ്കരമായിരിക്കും. അതാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
മതേതരത്വം ആഗ്രഹിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹത്തെ സംഘപരിവാറിന്റെ കാവിച്ചരടിൽ ബന്ധിപ്പിക്കാൻ ചില ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർ ശ്രമിക്കുമ്പോഴാണ് നാർകോട്ടിക് ജിഹാദ് പോലുള്ള അജീർണം പിടിച്ച പുതിയ വാക്കുകൾ ജന്മം കൊള്ളുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ സംഘപരിവാറാണെന്ന് തിരിച്ചറിയാൻ ശേഷിയുള്ളവർ ഇത്തരം വാക്കുകളെയും അതിന്റെ പിന്നിലുള്ള അജണ്ടയെയും ശക്തമായി തന്നെ എതിർക്കുന്നുണ്ട്. എന്നാൽ കുളത്തിൽ നഞ്ച്  കലക്കി മീൻ പിടിക്കാൻ ഇറങ്ങുന്നവരും വോട്ട് ബാങ്കിന്റെ കനം ത്രാസിലിട്ട് തൂക്കുന്നവരും ഒന്നുകിൽ നാർകോട്ടിക് ജിഹാദിനൊപ്പം നിൽക്കുന്നു, അല്ലെങ്കിൽ നിലപാട് പുസ്തകങ്ങൾ പൂട്ടിവെക്കുന്നു. ഇങ്ങനെ മീൻ പിടിക്കുന്നവർ കൃത്യമായും അവരുടെ അജണ്ടയാണ് നടപ്പാക്കുന്നത്. എന്നാൽ വോട്ട് ബാങ്ക് തൂക്കി നോക്കുന്നവർ അഭിപ്രായത്തിന്റെ വേദപുസ്തകം മടക്കി വെച്ച് ഒട്ടകപ്പക്ഷിയെപ്പോലെ മണലിൽ തല പൂഴ്ത്തി രക്ഷപ്പെടുകയാണ്. അവരാണ് ഏറ്റവും കൂടുതൽ അപകടകാരികൾ. കാരണം അവരുടെ നിലപാടുകളാണ് സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത്. 
അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് പോലെ നാർകോട്ടിക് ജിഹാദിലും പക്ഷം പിടിക്കലിന് കുറവൊന്നുമില്ല. പക്ഷേ എല്ലാം തരം നോക്കിയാണെന്ന് മാത്രം. ബുദ്ധിജീവികളും സാംസ്‌കാരിക നായകൻമാരിൽ പലരും മാളത്തിലൊളിച്ചപ്പോൾ വെട്ടിലായത് രാഷ്ട്രീയ പാർട്ടികളാണ്. കുട്ടി സത്യം പറഞ്ഞാൽ അമ്മയ്ക്ക് തല്ലുകിട്ടും സത്യം പറഞ്ഞില്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നേണ്ടി വരും എന്ന അവസ്ഥയിലാണ് ഇടതു മുന്നണിയും വലതു മുന്നണിയും. നാർകോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ എന്തെല്ലാമോ പറഞ്ഞെന്ന് വരുത്തിത്തീർക്കുന്നുണ്ട്. പറഞ്ഞോയെന്ന് ചോദിച്ചാൽ പറഞ്ഞു. പറഞ്ഞില്ലേ എന്ന് ചോദിച്ചാൽ ഇല്ല, പട്ടി കൊപ്രക്കളത്തിൽ കുടുങ്ങിയ അവസ്ഥ. എങ്ങോട്ട് ഓടണമെന്ന് ഒരു പിടിപാടും ഇല്ല.  വോട്ട് ബാങ്ക് തൂക്കി നോക്കിയാൽ മുസ്‌ലിം - ക്രിസ്ത്യൻ വോട്ടുകൾ ഏതാണ്ട് സമാസമം. ഇനിയൊരു തെരഞ്ഞെടുപ്പിന് കുറച്ച് സമയമുണ്ടെങ്കിലും വല്ലാതങ്ങ് കേറി ഇടപെട്ടാൽ പലിശയടക്കം കിട്ടുമോയെന്ന് പേടി. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്നവർ ഇരു മുന്നണിയിലും ഉള്ളപ്പോൾ നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മേമ്പൊടിയായി ഇത്തിരി മതേതരത്വം വിളമ്പിക്കൊണ്ട് പതുക്കെ തലയൂരാനാണ് മുന്നണി നേതൃത്വങ്ങളുടെ ശ്രമം.
ബി.ജെ.പിയും മറ്റു സംഘപരിവാർ സംഘടനകളും ചാവക്കാട് കടപ്പുറത്ത് നല്ല ചെമ്മീൻ ചാകര കിട്ടിയ അവസ്ഥയിലാണ്. സന്തോഷം കൊണ്ടങ്ങ് നിൽക്കാൻ കഴിയാത്ത സ്ഥിതി. വർഷങ്ങൾക്ക് മുൻപ് കേരളത്തിന്റെ മണ്ണിൽ ലൗ ജിഹാദിന്റെ വിത്തെറിഞ്ഞപ്പോൾ അത് വളർന്ന് വലുതായി നാർകോട്ടിക് ജിഹാദിന്റെ കായ്ഫലമാകുമെന്ന്  അവർ കരുതിയിരുന്നില്ല. തങ്ങൾ ഏറ്റെടുത്ത ജോലിക്ക് സൗജന്യ ക്വട്ടേഷനുമായി പാലാ ബിഷപ്പിനെപ്പോലുള്ളവർ എത്തുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ക്രിസ്ത്യൻ- മുസ്‌ലിം വിദ്വേഷം മൂർഛിച്ച് പരസ്പരം ഏറ്റുമുട്ടുമ്പോൾ തല പിളർന്ന് ഒഴുകുന്ന ചോര കുടിക്കാൻ കുറുക്കനെപ്പോലെ കാത്തിരിക്കുകയാണവർ. 
തങ്ങൾ ഉദ്ദേശിച്ചതിലും വേഗത്തിൽ കേരളം വർഗീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിലെ സന്തോഷം ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളും അവർ നിയമിച്ച കേരളത്തിലെയും ഗോവയിലെയും ഗവർണർമാരുമെല്ലാം പങ്കുവെയ്ക്കുന്നുണ്ട്. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് വിഷയങ്ങൾ ദേശീയ തലത്തിൽ തന്നെ ഏറ്റെടുക്കാൻ ബി.ജെ.പി സംഘപരിവാറിലെ മറ്റു ഗ്രൂപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വളരെ സജീവമായിത്തന്നെ ഈ വിഷയങ്ങൾ നിലനിർത്തുകയെന്നതാണ് അവരുടെ അജണ്ട. നല്ലൊരു ശതമാനം ക്രിസ്ത്യൻ വോട്ടുകൾ  അക്കൗണ്ടിൽ ചേർത്തുകൊണ്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ബാങ്കിൽ ന്യായമായ വർധന അവർ പ്രതീക്ഷിക്കുന്നുമുണ്ട്. മാത്രമല്ല, ഈ വിഷയത്തിന്റെ പേരിൽ വേണ്ടി വന്നാൽ ദേശീയ അന്വേഷണ ഏജൻസികളെ വരെ രംഗത്തിറക്കുമെന്ന സൂചനയും ബി.ജെ.പിയിലെ ചില നേതാക്കൾ നൽകുന്നുണ്ട്.
ഇതിനിടയിൽ ആട്ടിൻ കുട്ടിയുടെ മനസ്സുമായി സമാധാന പ്രിയരായി രംഗത്തെത്തിയ ചിലരുണ്ട്. ജാതിയുടെയും മതത്തിന്റെയുമെല്ലാം അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്തവർ. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ അവർ ഇപ്പോൾ ദൈവദൂതൻമാരുടെ റോളിലാണ്. സ്‌നേഹവും മറ്റു പ്രലോഭനങ്ങളും വഴി മതപരിവർത്തനം നടക്കുന്നുണ്ടെന്നും എന്നാൽ അതിന് മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകരുതെന്നുമാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സിദ്ധാന്തം. ഏതായാലും ലൗ ജിഹാദ് ഇപ്പോൾ നാർകോട്ടിക്ക് ജിഹാദിലെത്തി. വേറെ പണിയൊന്നുമില്ലെങ്കിൽ ഇനി ജിഹാദിന്റെ പുതിയ പതിപ്പിന് വേണ്ടി കാത്തിരിക്കാം.
 

Latest News