Sorry, you need to enable JavaScript to visit this website.

പത്ത് ആണ്‍കുട്ടികള്‍ക്ക് സമം ഒരു പെണ്‍കുട്ടി- മോഡി

ന്യൂദല്‍ഹി- പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തില്‍ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോഡി.  രാഷ്ട്ര പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.  പത്ത് ആണ്‍കുട്ടികള്‍ക്ക് സമമാണ് ഒരു പെണ്‍കുട്ടിയെന്നും മോഡി പറഞ്ഞു.
ബഹിരാകാശ യാത്ര നടത്തിയ കല്‍പന ചൗളയെ സ്മരിച്ച പ്രധാനമന്ത്രി സ്ത്രീശക്തിക്ക് പരിധികളില്ലെന്ന സന്ദേശം നല്‍കിയാണ് അവര്‍ വിട പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഒന്നിന് കല്‍പന ചൗളയുടെ ഓര്‍മ ദിവസമാണ്. സ്ത്രീകള്‍ എല്ലാ മേഖലകളിലും മുന്നേറുന്നുണ്ട്. പ്രാചീന കാലത്ത് നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കുണ്ടായിരുന്ന ആദരവ് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു മകള്‍ പത്ത് പുത്രന്മാര്‍ക്ക് തുല്യമാണെന്ന് പറയുന്ന പുരാണങ്ങള്‍ സ്ത്രീകളുടെ മഹത്വത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ശക്തിയുടെ പദവി നല്‍കിയത്. പത്ത് ആണ്‍കുട്ടികള്‍ ജനിക്കുന്നത് പുണ്യമാണ്. പക്ഷേ ആ പത്ത് പേരും എത്തുന്നത് ഒരു സ്ത്രീയില്‍ നിന്നാണെന്ന് ഓര്‍ക്കണമെന്നും മോഡി പറഞ്ഞു. റിപ്പബഌക് ദിന പരേഡില്‍ ബി.എസ്.എഫിന്റെ വനിതാ ബൈക്ക് സംഘം നടത്തിയ സാഹസിക പ്രകടനം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ശാക്തീകരണം സ്വയം പര്യാപ്തതയുടെ രൂപമാണ്. സ്ത്രീകള്‍ ഇന്ന് സ്വയം പര്യാപ്ത നേടുകയാണ്.
ഗാന്ധിജിയുടെ ചിന്തകള്‍ വെറും സിദ്ധാന്തങ്ങളല്ലായിരുന്നുവെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ശരികളായിരുന്നുവെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് വ്യക്തിയുടെ പ്രസിദ്ധി വിലയിരുത്തിയല്ല, മറിച്ച് പ്രവൃത്തി കണക്കിലെടുത്താണെന്നും മോഡി പറഞ്ഞു. മൂന്ന് വര്‍ഷമായി പുരസ്‌കാരം നല്‍കുന്ന രീതിക്ക് മാറ്റം വരുത്തി. ആര്‍ക്കും ആരെയും നാമനിര്‍ദ്ദേശം ചെയ്യാം. നടപടികള്‍ ഓണ്‍ലൈനായതിനാല്‍ സുതാര്യതയുമുണ്ട്. നഗരങ്ങളിലും മാധ്യമങ്ങളിലും കാണാത്തവര്‍ക്കും ശുപാര്‍ശകളില്ലാതെ പത്മ പുരസ്‌കാരം ലഭിക്കുന്നു.
പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ പാരമ്പര്യ ചികിത്സ മേഖലയില്‍ വനമുത്തശ്ശി എന്ന് അറിയപ്പെടുന്ന ലക്ഷ്മിക്കുട്ടി അമ്മയെയും മോഡി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മിക്കുട്ടിയുടെ കഥ ആരെയും ആശ്ചര്യപ്പെടുത്തും. കല്ലാറില്‍ കൊടുംകാട്ടില്‍ ആദിവാസി മേഖലയില്‍ പനയോലമേഞ്ഞ കുടിലിലാണ് അവര്‍ താമസിക്കുന്നത്. സ്വന്തം ഓര്‍മകളുടെ ബലത്തില്‍ 500ഓളം പച്ചില മരുന്നുകള്‍ ഉണ്ടാക്കിയിരിക്കുന്നു. പാമ്പിന്റെ വിഷത്തിനുള്ള മരുന്നുകള്‍ ഉണ്ടാക്കുന്നതില്‍ പ്രത്യേക സിദ്ധിയുമുണ്ട്. പച്ചില മരുന്നുകളെക്കുറിച്ചുള്ള അറിവിലൂടെ അവര്‍ സമൂഹത്തെ സേവിക്കുന്നു. ലോകം അറിയാതിരുന്ന ഈ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിന് സംഭാവനയേകാന്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുകയാണ്- മോഡി പറഞ്ഞു.

 

Latest News