യു.പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകാന്‍ 11,000 രൂപ അപേക്ഷാ ഫീ

ലഖ്‌നൗ- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവരില്‍നിന്ന് 11,000 രൂപ വീതം സംഭാവന ആവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു.
സീറ്റ് മോഹിക്കുന്നവര്‍ അപേക്ഷയോടൊപ്പം 11,000 രൂപ കൂടി ഈ മാസം 25 നകം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ജില്ലാ, സിറ്റി പ്രസിഡന്റുമാരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകളും ഫീസും സ്വീകരിക്കാന്‍ സംസ്ഥാനതലത്തിലും രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യു.പിയിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 90 സീറ്റുകളില്‍ കോണ്‍ഗ്രസ് ഇതിനകം സ്ഥാനാര്‍ഥികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിലവിലെ എം.എല്‍.എമാരും പ്രമുഖ നേതാക്കളും ഉള്‍പ്പെടുന്നു.
സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ചു നല്‍കേണ്ട ചോദ്യാവലിയുണ്ട്. എത്രകാലമായി പാര്‍ട്ടിയിലുണ്ട്, എന്തൊക്കെയാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് ആരുമായും സഖ്യമുണ്ടാക്കില്ലെന്നും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest News