മലപ്പുറം- അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ച് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെ സ്ഥാനത്തു നിന്നും നീക്കി. എം.എസ്.എഫിന്റേയും ലീഗിന്റേയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷൈജലിനെ നീക്കിയതായി ലീഗ് സംസ്ഥാന സമിതി അറിയിച്ചു.
അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഹരിത വിഷയത്തിൽ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന ഷൈജലിന്റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഷൈജൽ ആരോപിച്ചിരുന്നു. എം.എസ്.എഫ്. പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് തന്നെ രംഗത്തെത്തുന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഷൈജലിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.