Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ടാക്‌സി മേഖലയിലെ ജീവനക്കാർക്ക് സർക്കാർ സാമ്പത്തിക സഹായം

റിയാദ് - ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആപ്പുകൾ അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സി കമ്പനികൾക്കു കീഴിൽ 8,13,000 ത്തോളം സൗദികൾ ജോലി ചെയ്യുന്നതായി ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. ഇക്കൂട്ടത്തിൽ 4,200 പേർ വനിതകളാണ്. പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും വ്യക്തികളുടെയും കുടുംബങ്ങളുടെയും വരുമാനം വർധിപ്പിക്കാനും ഓൺലൈൻ ടാക്‌സി മേഖല സഹായിച്ചു. 


ഓൺലൈൻ ടാക്‌സി മേഖലയിലെ ജോലികൾ സ്വീകരിക്കാൻ സൗദി യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഫ്രീലാൻസ് പ്രോഗ്രാം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. പൊതുഗതാഗത അതോറിറ്റിയുമായും മാനവശേഷി വികസന നിധിയുമായും സാമൂഹിക വികസന ബാങ്കുമായും ഫ്യൂച്ചർ വർക്ക് കമ്പനിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള ഓൺലൈൻ ടാക്‌സി കമ്പനികളിൽ ചേർന്ന് ടാക്‌സി സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശരാശരി മാസവരുമാനത്തിന്റെ നാൽപതു ശതമാനത്തോളമാണ് പ്രതിമാസ ധനസഹായമായി പദ്ധതി വഴി വിതരണം ചെയ്യുന്നത്. പരമാവധി 2,400 റിയാൽ വരെ ഡ്രൈവർമാർക്ക് ധനസഹായം വിതരണം ചെയ്യും. ഇതിനു പുറമെ ജോലിയിൽ ഉറച്ചു നിൽക്കുന്നതിനുള്ള പ്രോത്സാഹനമെന്നോണം ഓരോ ആറു മാസത്തിലും 3,000 റിയാൽ തോതിലും ഡ്രൈവർമാർക്ക് മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യും. ഓൺലൈൻ ടാക്‌സി മേഖലയിൽ സൗദിവൽക്കരണം ഉയർത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ മേഖലയിൽ പുതുതായി പ്രവേശിക്കുന്ന സ്വദേശി ഡ്രൈവർമാർക്ക് ധനസഹായം നൽകുന്നത്. 


ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താൻ അപേക്ഷകരുടെ പ്രായം 20 ൽ കുറയാനും 60 ൽ കവിയാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഓൺലൈൻ ടാക്‌സി ഡ്രൈവർ എന്നോണം ഫ്രീലാൻസ് പോർട്ടൽ വഴി ലഭിച്ച കാലാവധിയുള്ള ഫ്രീലാൻസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ധനസഹായ പദ്ധതി പ്രയോജനപ്പെടുത്തുന്നവർ മാസത്തിൽ ചുരുങ്ങിയത് 42 ട്രിപ്പുകളെങ്കിലും നടത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അപേക്ഷകർ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാരോ റെഗുലർ വിദ്യാർഥിയോ സർവീസിൽ നിന്ന് വിരമിച്ചവരോ സ്വന്തം പേരിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഉള്ളവരോ ആകാനും പാടില്ല. അപേക്ഷകർ മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതികളായവരും ആകരുത്. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരല്ല എന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ ടെസ്റ്റിൽ പാസാവുകയും ഓൺലൈൻ ടാക്‌സി ആപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം പൂർത്തിയാക്കുകയും തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി എടുക്കുകയും വേണം. ഓൺലൈൻ ടാക്‌സി സർവീസിന് ഉപയോഗിക്കുന്ന കാറിന് അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. 

Tags

Latest News