Sorry, you need to enable JavaScript to visit this website.

സൗദിയിൽ ജ്വല്ലറി മേഖലാ ജീവനക്കാർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു

റിയാദ് - പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസ് അനുവദിക്കാൻ ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണമെന്ന വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ബാധകമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസിന് 2022 ജനുവരി നാലു വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജ്വല്ലറി മേഖലയിൽ സൗദിവൽക്കരണം ഉയർത്താനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നത്. 

ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്തവും വൈവിധ്യവുമായ നൈപുണ്യങ്ങൾ ആവശ്യമാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ മേഖലയിലെ ജീവനക്കാർക്ക് പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കാൻ നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. ലൈസൻസിന് അപേക്ഷിക്കുന്നവർ സ്വദേശികളായിരിക്കണമെന്നും ഈ മേഖലയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ളവരായിരിക്കണമെന്നും തിരിച്ചറിയൽ കാർഡ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. 


മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ വിപണികളിൽ ഒന്നാണ് സൗദി അറേബ്യ. രാജ്യത്ത് 323.1 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. ആഗോള തലത്തിലെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ നാലു ശതമാനം സൗദിയിലാണ്. ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ് സൗദി അറേബ്യ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട, ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്തു നിന്ന് സൗദി അറേബ്യ മാത്രമാണുള്ളത്. അമേരിക്ക, ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന, സ്വിറ്റ്‌സർലാന്റ്, ജപ്പാൻ, ഇന്ത്യ, ഹോളണ്ട്, തുർക്കി, തായ്‌വാൻ, കസാക്കിസ്ഥാൻ, പോർച്ചുഗൽ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഐ.എം.എഫും യൂറോപ്യൻ സെൻട്രൽ ബാങ്കും പട്ടികയിലുണ്ട്. 
ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ളത് അമേരിക്കയുടെ പക്കലാണ്. അമേരിക്കയുടെ പക്കൽ 8,133.5 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. രണ്ടാം സ്ഥാനത്തുള്ള ജർമനിയുടെ പക്കൽ 3,359.1 ടൺ കരുതൽ സ്വർണ ശേഖരമാണുള്ളതെന്നും വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Tags

Latest News