യുപിയില്‍ ഗ്രാമ മുഖ്യനായ ദളിത് യുവാവിനെ അടിച്ചുകൊന്നു; 7 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ- യുപിയിലെ ഗൊരഖ്പൂര്‍ ജില്ലയിലെ സെമാര്‍ദാരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഗ്രാമ മുഖ്യനായ ദളിത് യുവാവിനെ അടിച്ചു കൊന്നു. 45കാരനായ ജനക് ധാരി രഞ്ജന്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കൊല്ലപ്പെട്ട രഞ്ജന്റെ അകന്ന ബന്ധുക്കളും അയല്‍ക്കാരുമാണ്. രഞ്ജന്റെ ഭാര്യാ സഹോദരന്‍ മിഥ്‌ലേഷ് കുമാറിനും പരിക്കേറ്റു.

പഞ്ചായത്ത് ഭവനില്‍ ടൈല്‍സുമായെത്തിയ വാഹനം ലോഡ് ഇറക്കിക്കൊണ്ടിരിക്കെ വന്ന വാഹനം സൈഡ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോഡ് ഇറക്കി തീരുന്നതു വരെ കാത്തിരിക്കാന്‍ അവരോട് രഞ്ജന്‍ പറഞ്ഞതാണ് പ്രതികളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ വാഹനത്തില്‍ നിന്നിറങ്ങി വന്ന് രഞ്ജനും മിഥിലേഷുമായി വാഗ്വാദമുണ്ടാക്കി. ഇത് സംഘര്‍ഷത്തിലേക്കു നയിക്കുകയായിരുന്നു. കല്ലും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ മര്‍ദിച്ചത്. ആശുപത്രിയിലെത്തും മുമ്പ് രഞ്ജന്‍ മരിച്ചിരുന്നു.
 

Latest News