Sorry, you need to enable JavaScript to visit this website.

കര്‍ഷക സമരത്തിനിടെ ട്രാക്ടര്‍ വില്‍പ്പന വര്‍ധിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ദല്‍ഹി പോലീസ് 

ന്യൂദല്‍ഹി- ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായി റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് നടന്ന ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ ചെങ്കോട്ട ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് തെളിയാക്കാന്‍ ട്രാക്ടര്‍ വില്‍പ്പന കണക്കുകളുമായി ദല്‍ഹി പോലീസ്. 2020 നവംബറിനും 2021 ജനുവരിക്കുമിടെ പഞ്ചാബിലും ഹരിയാനയിലും ട്രാക്ടര്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നതിനു പിന്നില്‍ അവ ദല്‍ഹിയിലെ സമരത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു. ഈ മൂന്ന് മാസങ്ങളില്‍ പഞ്ചാബിലാണ് ട്രാക്ടര്‍ വില്‍പ്പന ഏറ്റവും ഉയര്‍ന്നത്. 2019 ഡിസംബറില്‍ 790 ട്രാക്ടറുകള്‍ മാത്രമാണ് വിറ്റിരുന്നതെങ്കില്‍ 2020 ഡിസംബറില്‍ ഇത് 94.3 ശതമാനം വര്‍ധിച്ച് 1,535 ട്രാക്ടറുകള്‍ വിറ്റു. ജനുവരിയിലും വില്‍പ്പന 85.13 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം 1534 ട്രാക്ടറുകളാണ് വിറ്റിരുന്നതെങ്കില്‍ 2021 ജനുവരിയില്‍ 2840 എണ്ണമാണ് വിറ്റത്. നവംബറില്‍ 43.53 ശതമാനമാണ് വര്‍ധനയെന്നും കുറ്റപത്രം പറയുന്നു. ഹരിയാനയില്‍ ഈ മൂന്നു മാസത്തിനിടെ 31.81 മുതല്‍ 50.32 ശതമാനം വരെയാണ് ട്രാക്ടര്‍ വില്‍പ്പന വര്‍ധിച്ചത്. 

പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ട്രാക്ടറുകള്‍ കനമേറിയ ഇരുമ്പു സാമഗ്രികള്‍ പിടിപ്പിക്കാന്‍ കര്‍ഷക നേതാക്കള്‍ സമരക്കാരോട് നിര്‍ദേശിക്കുന്ന നിരവധി വിഡിയോ ക്ലിപ്പുകളും തെളിവായി ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു. സമരക്കാരുടെ ലക്ഷ്യം ചെങ്കോട്ട പിടിച്ചടക്കി അത് സമര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാകയും കര്‍ഷക പതാകയും ഉയര്‍ത്തി ഇന്ത്യക്കാരെ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും നാണംകെടുത്താനായിരുന്നു ഇവരുടെ ശ്രമമെന്നും പോലീസ് പറയുന്നു.
 

Latest News