ന്യൂദൽഹി- സ്വകാര്യവത്കരണത്തിനൊരുങ്ങുന്ന എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് വിദേശ കമ്പനി രംഗത്തുവന്നതായി സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തി. ഏതു കമ്പനിയാണ് എയർ ഇന്ത്യയിൽ താൽപര്യം പ്രകടിപ്പിച്ചതെന്ന് വ്യക്തമല്ലെങ്കിലും സിംഗപ്പൂർ എയർലൈൻസ്, ഖത്തർ എയർലൈൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നാകാമെന്നാണ് സൂചന. എയർ ഇന്ത്യയുടെ ഓഹരി വിൽപനയെക്കുറിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സിംഗപ്പൂർ എയർലൈൻസ് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾ നടത്താൻ നേരത്തെ തന്നെ ഖത്തർ എയർലൈൻസ് ആഗ്രഹിച്ചിരുന്നു. ഇൻഡിഗോ എയർലൈൻസ് വാങ്ങാനും അവർ ശ്രമം നടത്തി. അതേസമയം, എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റേയും വിദേശ സർവീസുകൾ ഏറ്റെടുക്കാൻ ഇൻഡിഗോയും നേരത്തെ താൽപര്യം അറിയിച്ചിരുന്നു.
എയർ ഇന്ത്യ വാങ്ങാനെത്തിയിരിക്കുന്നത് വിദേശ എയർലൈനാണോ അതോ മറ്റ് രംഗത്ത് പ്രവർത്തിക്കുന്ന വിദേശ കമ്പനിയാണോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. പേര് വെളിപ്പെടുത്താൻ അവർക്ക് താൽപര്യമുണ്ടോ എന്ന കാര്യം ആദ്യം അറിയേണ്ടിയിരിക്കുന്നു- വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബെ പറഞ്ഞു.
എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ വാങ്ങാൻ വിദേശ എയർലൈനുകളെ അനുവദിച്ചുകൊണ്ട് ഈ മാസാദ്യം കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. അതിനാൽ തന്നെ വിദേശ എയർലൈനാകും രംഗത്തുള്ളത് എന്നാണ് അനുമാനം. ഇന്ത്യൻ കമ്പനികളും വിദേശ കമ്പനികളും സംയുക്തമായി എയർ ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഉടമസ്ഥതയും നിയന്ത്രണവും പൂർണമായും ഇന്ത്യൻ പൗരന്മാരിൽ നിക്ഷിപ്തമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഏതു രാജ്യത്തുനിന്ന് ഓപറേറ്റ് ചെയ്യുന്ന വിമാനക്കമ്പനിയുടേയും ഉടമസ്ഥാവകാശവും നിയന്ത്രണവും അതത് രാജ്യക്കാർക്കായിരിക്കണമെന്ന് രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. വിസ്താര, എയർ ഏഷ്യ തുടങ്ങിയ വിമാനക്കമ്പനികളിൽ സിംഗപ്പൂർ എയർലൈൻസിനുള്ള നിക്ഷേപം ഇത്തരം ചട്ടങ്ങൾ പാലിച്ചാണ്. എയർ ഇന്ത്യയിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ടെന്ന് വിസ്താര സി.ഇ.ഒ ലെസ്്ലി തങ് നേരത്തെ അറിയിച്ചിരുന്നു.






