- യു.ഡി.എഫ്-മതേതര വികസന മുന്നണി ചിത്രം തെളിയുന്നു
കൊണ്ടോട്ടി- കൊണ്ടോട്ടി നഗരസഭയിൽ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാലും മതേതര വികസന മുന്നണി വിജയിച്ചാലും അംഗനമാർ നാട് ഭരിക്കും. ഇരു മുന്നണിയിലും രണ്ടു സ്ഥാനത്തേക്കും മൽസരിക്കുന്ന മുഴുവൻ പേരും സ്ത്രീകളാണ്.
ചെയർപേഴ്‌സൺ സ്ഥാനം എസ്.ഇ ജനറൽ സംവരണവും വൈസ് ചെയർപേഴ്‌സൺ വനിത സംവരണവുമാണ്. വ്യാഴാഴ്ച രാവിലെ 11ന് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ട് മണിക്ക് വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും നടക്കുക.
കോൺഗ്രസ്-മുസ്‌ലിംലീഗ് കൂട്ടുകെട്ടിൽ യു.ഡി.എഫ് ആയി മൽസരിക്കാനാണ് ജില്ലാ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്. ഇതനുസരിച്ച് മുസ്‌ലിംലീഗിന് ചെയർപേഴ്‌സൺ സ്ഥാനവും കോൺഗ്രസിന് വൈസ് ചെയർപേഴ്‌സൺ സ്ഥാനവുമാണ് നൽകിയിരിക്കുന്നത്. മുസ്‌ലിം ലീഗിൽ എസ്.ഇ ജനറൽ വിഭാഗത്തിൽ പുരുഷ കൗൺസിലർമാരില്ലാത്തതിനാൽ പാലക്കാപ്പറമ്പ് വാർഡിൽ നിന്ന് വിജയിച്ച കൗൺസിലർ കെ.സി.ഷീബ യു.ഡി.എഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി മൽസരിക്കും. വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ കെ.കെ.അസ്മാബിയെ മൽസരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. കൊണ്ടോട്ടിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംവിധാനമുണ്ടായിരുന്നില്ല. ഈയിടെ നടന്ന ചർച്ച അനുസരിച്ചാണ് യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് തങ്ങളുടെ അംഗങ്ങളോട് യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്.
മതേതര മുന്നണി ധാരണ പ്രകാരം സി.പി.എമ്മിന് ചെയർപേഴ്‌സൺ സ്ഥാനവും ഘടകകക്ഷിയായ കോൺഗ്രസിന് വൈസ് ചെയർപേഴ്‌സൺ സ്ഥാനവുമാണ്. സി.പി.എമ്മിൽ ഔദ്യോഗിക ചിഹ്നത്തിൽ മൽസരിച്ചവർ നേതൃസ്ഥാനത്തേക്ക് വരുന്നതിന് പാർട്ടിക്ക് പ്രശ്‌നമുളളതിനാൽ സി.പി.എം സ്വതന്ത്രയായ എൻ.എച്ച് കോളനിയിൽ നിന്നുളള കൗൺസിലർ പറമ്പീരി ഗീതയെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മൽസരിപ്പിക്കുന്നത്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മതേതര മുന്നണിയിലെ കോൺഗ്രസ് പ്രതിനിധി വാക്കത്തൊടി വാർഡിൽ നിന്ന് മൽസരിച്ച കെ.ആയിഷബിയയെയാണ് പരിഗണിക്കുന്നത്. നാലുപേരും നെടിയിരുപ്പ് ഭാഗത്ത് നിന്നുളളവരും വനിതകളുമാണെന്നാണ് പ്രത്യേകത.