Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

കൃപയുടെ കരം തൊട്ട് കുഞ്ഞുജീവന്‍, ഈ കുഞ്ഞ് കടന്നുപോയ വേദനയുടെ വഴികള്‍

കൊച്ചി-ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിന് ഗുരുതരമായ രോഗമുണ്ടെന്ന കണ്ടെത്തല്‍. ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജനിച്ചതിന് പിറ്റേന്നു തന്നെ കുഞ്ഞിളംമെയ്യില്‍ വലിയ ശസ്ത്രക്രിയ. തുടര്‍ന്ന് രണ്ടാഴ്ചയോളം വെന്റിലേറ്ററില്‍. ശേഷം നവജാത ശിശുക്കളില്‍ അത്യപൂര്‍വവും അപകടകരവുമായ പെരിട്ടോണിയല്‍ ഡയാലിസിസ്. നാലാഴ്ചയോളം ജീവിതം ഓക്‌സിജന്‍ സഹായത്തില്‍. അല്‍പം പാല്‍ കുടിക്കാന്‍ തുടങ്ങിയപ്പോഴേക്കും കടുത്ത ഛര്‍ദി. വലിപ്പം കുറഞ്ഞ ആമാശയം, കൂടാതെ ഗാസ്‌ട്രോ ഇസോഫാഗല്‍ റിഫ്‌ളക്‌സ്. ഒടുവില്‍ അന്‍പത്തിയൊന്നാം ദിവസം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടക്കം.
അതിസങ്കീര്‍ണമായ ഒരു ജീവിത നാടകത്തിന്റെ സ്‌തോഭജനകമായ രംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്. ആലുവ സ്വദേശികളായ മോബി - കപില്‍ ദമ്പതികളുടെ രണ്ടാമത്തെ കണ്‍മണിയായി പിറന്ന കുഞ്ഞാണ് കഥാനായകന്‍. പ്രതീക്ഷകളെല്ലാം പൊലിഞ്ഞ നിമിഷങ്ങളില്‍ നിന്നും പുനര്‍ജീവിതത്തിലേക്ക് അവനെ കൈപിടിച്ചുയര്‍ത്തിയത് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു സ്റ്റാഫുമെല്ലാം ഉള്‍പ്പെടുന്ന കുറെ മനുഷ്യര്‍ നടത്തിയ സംഘപ്രയത്‌നമാണ്. എങ്കിലും കൃപയുടെ കരം തൊട്ട് ആ കുഞ്ഞുജീവന് കാവലായത് ദൈവം തന്നെ എന്നു വിശ്വസിക്കാനാണ് മോബിക്കും കപിലിനും ഇഷ്ടം.

മോബിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ തന്നെ കുഞ്ഞിന് ഗുരുതരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സൂപ്പര്‍ സ്‌പെഷ്യാല്‍റ്റികള്‍ ഉള്‍പ്പെടെയുള്ള ഏഴു വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ ചികിത്സ വേണ്ടിവരുമെന്നതിനാലാണ് ലിസി തെരഞ്ഞെടുത്തതെന്ന് കപില്‍ പറയുന്നു. ജൂലൈ 19 ന് സിസേറിയനിലൂടെ ആയിരുന്നു ജനനം. കണ്‍ജനീറ്റല്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയ നേരത്തേ കണ്ടെത്തിയിരുന്നതിനാല്‍ നിയോനേറ്റോളജി, പീഡിയാട്രിക് സര്‍ജറി, അനസ്തീഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം തിയേറ്ററില്‍ വെച്ചുതന്നെ കുഞ്ഞിനെ ഇന്റുബേറ്റ് ചെയ്യുകയും എന്‍ഐസ യു വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞിന് ആദ്യഘട്ട തീവ്രപരിചരണം നല്‍കിയത് ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള നിയോനേറ്റോളജി ഡോക്ടര്‍മാരുടെ ടീമാണ്. പിറ്റേന്ന് ചീഫ് പീഡിയാട്രിക് സര്‍ജന്‍ ഡോ. ജോയ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തി. തുടര്‍ന്ന് രണ്ടാഴ്ചയോളം വെന്റിലേറ്ററില്‍ ആയിരുന്നു. ഇതിനിടയില്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിലെ ധമനികളിലെ പ്രഷര്‍ കൂടുതലാണെന്ന് കണ്ടെത്തുകയും അതിനുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്. തുടര്‍ന്ന് നാലു ദിവസം നവജാത ശിശുക്കളില്‍ അതീവ ദുഷ്‌കരമായ പെരിറ്റോണിയല്‍ ഡയാലിസിസിന് കുഞ്ഞിനെ വിധേയനാക്കി. ഹൃദയത്തില്‍
നിന്നും വരുന്ന വലിയ ധമനിയായ അയോട്ടയില്‍ രക്തം കട്ടപിടിച്ചതായി കണ്ടതിനെ തുടര്‍ന്ന് അതിനു വേണ്ട ചികിത്സകള്‍ ആരംഭിച്ചു. ഓക്‌സിജനില്‍ നിന്ന് കുഞ്ഞിനെ മാറ്റാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെ വികസനത്തില്‍ ഉണ്ടാകുന്ന തകരാറു മൂലം വരുന്ന ബ്രോങ്കോ പള്‍മണറി ഡിസ്‌പ്ലേസിയ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് അതിനുള്ള ചികിത്സയും ആരംഭിച്ചു. 45 ദിവസങ്ങള്‍ക്കു ശേഷമാണ് ഓക്‌സിജന്റെ സഹായമില്ലാതെ കുഞ്ഞ് ശ്വസിക്കാനാരംഭിച്ചത്. പാല്‍ കുടിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും തുടര്‍ച്ചയായി ഛര്‍ദി ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ആമാശയത്തിന് വലിപ്പം കുറവാണെന്നും ഗാസ്‌ട്രോ ഇസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് എന്ന അവസ്ഥയാണെന്നും മനസ്സിലാകുന്നത്. മരുന്നുകളോടൊപ്പം സാവധാനം കൊടുക്കുന്ന പാലിന്റെ അളവു കൂട്ടുകയും ചെയ്തു. കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ കണ്ണിമ ചിമ്മാതെ എല്ലാവരും കാത്തിരുന്ന സൗഖ്യത്തിന്റെ തീരത്തേക്ക് അവന്‍ തുഴഞ്ഞെത്തി.
ദൈവത്തിനും മനുഷ്യര്‍ക്കും നന്ദി പറയാന്‍ ഉചിതമായ പദങ്ങളില്ലെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഒപ്പം കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് കുഞ്ഞിനെയും കുടുംബത്തെയും യാത്രയാക്കിയത്.

 

 

Latest News