കൊച്ചി-കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഇ മെയില്‍ ഭീഷണി. കഴിഞ്ഞ ദിവസം നാലു സന്ദേശങ്ങള്‍ ലഭിച്ചതായാണ് വിവരം. കപ്പല്‍ശാലയുമായി അടുത്തു പരിചയമുള്ളവരാണ് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് സൂചന. കപ്പല്‍ശാലയിലെ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി.
കഴിഞ്ഞ മാസം 24 നാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് ആദ്യത്തെ ഭീഷണി സന്ദേശം വരുന്നത്. കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ട് നശിപ്പിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഭാര്യയും മക്കളും ഭീകരരുടെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇമെയില്‍ സന്ദേശം കപ്പല്‍ശാല അധികൃതര്‍ക്ക് കിട്ടിയത് പോലീസിന് കൈമാറയതിനെ തുടര്‍ന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇമെയില്‍ വന്ന ഐ.പി വിലാസം കണ്ടെത്താനുളള ശ്രമമാണ് തുടരുന്നത്. എന്നാല്‍ ഉറവിടം കണ്ടുപിടിക്കാന്‍ സാധിക്കാത്ത സാങ്കേതിക സംവിധാനമുള്ള ആപ്പിലൂടെയാണ് ഇമെയിലുകള്‍ വരുന്നത് എന്നതാണ് പോലീസിനെ വട്ടംചുറ്റിക്കുന്നത്. ഇമെയില്‍ ഉറവിടം കണ്ടുപിടിക്കാനാകാത്തത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് വഴിവെയ്ക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവെയ്ക്കുന്നു. പോലീസ് അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെ ഒന്നിലേറെ ഭീഷണി മെയിലുകള്‍ കപ്പല്‍ശാലയിലെ പല ഉദ്യോഗസ്ഥര്‍ക്കായി ലഭിച്ചതും പോലീസിനെ ആശങ്കയിലാക്കി. രാജ്യസുരക്ഷയുടെ വിഷയമായതിനാല്‍ വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതി വൈകാതെ വലയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.