കൊച്ചി വിമാനത്താവളത്തിലേക്ക് മെട്രൊ നീട്ടാനുള്ള നീക്കങ്ങള്‍ സജീവമായി

നെടുമ്പാശ്ശേരി - കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട  വികസനത്തോടെ മെട്രൊ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാനുള്ള നീക്കങ്ങള്‍ സജീവമായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയ്ക്കും കൊച്ചി മെട്രോയ്ക്കും അഭിമാന നേട്ടമായി മാറുമെന്നാണ് വിലയിരുത്തല്‍. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഈ നിര്‍ദ്ദേശം ശക്തമായി നിലവിലുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. ഇപ്പോള്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതോടെയാണ് മെട്രോ നെടുമ്പാശ്ശേരിയിലേക്ക് നീട്ടാനുള്ള പദ്ധതി നടപ്പാക്കുന്നതിന് വേഗതയേറിയത്. കഴിഞ്ഞ മാസം ചേര്‍ന്ന കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ഇക്കാര്യം ഡയറക്ടര്‍മാര്‍ ശക്തമായി ഉന്നയിക്കപ്പെടുകയും വിശദമായ ചര്‍ച്ച നടക്കുകയും ചെയ്തു. കൊച്ചി മെട്രൊ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുക എന്നത് സ്വപ്ന പദ്ധതിയാണെന്ന് എം.ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രൊയുടെ മൂന്നാം ഘട്ട വികസനത്തില്‍ ഇത്കൂടി ഉള്‍പ്പെടുത്താനാണ് നീക്കം. ആലുവ ബൈപാസ് ജംഗ്ഷനിലാണ് ഇപ്പോള്‍ മെട്രോ റെയില്‍ അവസാനിക്കുന്നത്. ഇവിടെ നിന്നും കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 11 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍ ദീര്‍ഘിപ്പിക്കേണ്ടി വരിക.

 

Latest News