Sorry, you need to enable JavaScript to visit this website.
Saturday , October   16, 2021
Saturday , October   16, 2021

വീടുവിട്ട യുവതി പോലീസായി തിരിച്ചെത്തി

നോയിഡ-കാണാതായ യുവതി ഏഴ് മാസങ്ങള്‍ക്കുശേഷം തിരികെയെത്തിയത് പോലീസുകാരിയായി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. യുവതിയുടെ തിരോധാനത്തെ തുടര്‍ന്ന്  പ്രദേശത്തെ ഒരു യുവാവുമായി യുവതിക്ക് അടുപ്പമുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ കാണാതായെന്നുള്ള പരാതിയില്‍ അന്വേഷണം എവിടെയും എത്താതിരിക്കെയാണ് കഴിഞ്ഞ ദിവസം  യുവതി വീട്ടില്‍ തിരിയെത്തിയത്.
വീട്ടുകാര്‍ തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് വീടുവിട്ടുപോകാന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

എംഎക്ക് പഠിച്ചുകൊണ്ടിരുന്ന യുവതിയെ ജനുവരി മുതലാണ് കാണാതായത്. തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ ഒരു യുവാവിനെതിരെയാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.
എന്നാല്‍ സ്വന്തമായി ഒരു ജോലി സമ്പാദിച്ചതിനുശേഷം വിവഹം കഴിക്കാമെന്ന തീരുമാനത്തിലായിരുന്നു താനെന്ന് യുവതി പറഞ്ഞു. വീട്ടില്‍ നിന്നിറങ്ങി നേരെ ദല്‍ഹിയിലെത്തിയ യുവതി പരിചയത്തിലുള്ള ഒരാളുടെ വീട്ടിലാണ് തങ്ങിയത്. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും പരീക്ഷയില്‍ വിജയിച്ച് നിയമനം നേടുകയും ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

ആഗ്രഹിച്ചതുപോലെ ജോലി ലഭിച്ചു. ഇനി വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് വിവാഹം ചെയ്യാമെന്ന നിലപാടിലാണ് യുവതി. യുവതി തിരിച്ചെത്തിയതായി പരാതി നല്‍കിയ പോലീസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍തന്നെ  അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാലും യുവതി സ്വമേധയാ വീടുവിട്ടുപോയതിനാലും പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് പോലീസ് വ്യക്തമാക്കി.

 

Latest News