Sorry, you need to enable JavaScript to visit this website.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ  പി.എസ്.സിക്ക് വിടണം -കാനം രാജേന്ദ്രൻ

കൽപറ്റയിൽ എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസംഗിക്കുന്നു.

കൽപറ്റ- പൊതുഖജനാവിൽനിന്നു ശമ്പളം വാങ്ങുന്നവരുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവത്തോടെ ചിന്തിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 
ടൗൺഹാളിൽ ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ 21-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്ന സാഹചര്യത്തിൽ തൊഴിൽലഭ്യത നീതിപൂർവമാകണമെങ്കിൽ സ്വകാര്യ മേഖലയിലെ നിയമനങ്ങൾ സർക്കാർ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമാകണമെന്ന് രാജേന്ദ്രൻ പറഞ്ഞു. 
സാമാന്യജനം ചിന്തിക്കുന്നതിൽനിന്നു വ്യത്യസ്തമായി വിദ്യാഭ്യാസത്തെ കാണുന്ന ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിദ്യാഭ്യാസത്തിനുള്ള മൂലധന നിക്ഷേപം പടിപടിയായി കുറയ്ക്കുകയാണ്. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമം, കാർഷിക സബ്‌സിഡി, പൊതുവിതരണം എന്നിവയ്ക്ക് ബജറ്റിൽ മാറ്റിവയ്ക്കുന്ന തുകയും വർഷംതോറും കുറയുകയാണ്. ഇത് ഏറെ ശ്രദ്ധിക്കേണ്ട വിഷയമാണ്. 
വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തിനും യുക്തിബോധത്തിനും നിരക്കാത്ത ചിന്തകൾ കടത്തിവിടുന്നതിനാണ്  കേന്ദ്ര സർക്കാർ ശ്രമം.  യുക്തിചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിക്കപ്പെടുന്നില്ല. മിത്തുകൾക്ക് യാഥാർഥ്യത്തിന്റെ മുഖം നൽകി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര മന്ത്രിമാരും പാർലമെന്റിലെ ഒരു വിഭാഗം  അംഗങ്ങളും ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. സാമൂഹിക പുരോഗതിക്കുള്ള ഉപകരണമായി വിദ്യാഭ്യാസത്തെ മാറ്റുന്നതിനു പകരം ലേബർ മാർക്കറ്റിന്റെ ആവശ്യത്തിനു അനുസൃതമായ മനുഷ്യവിഭവശേഷി പ്രദാനം ചെയ്യുക  മാത്രമാണ് തങ്ങളുടെ ബാധ്യതയെന്നു ചിന്തിക്കുകയാണ് ഭരണാധികാരികൾ. ലേബർ മാർക്കറ്റിന്റെ ആവശ്യത്തിനനുസരിച്ച് പരിശീലനം സിദ്ധിച്ച ആളുകളെ സപ്ലൈ ചെയ്യുന്ന ഏജൻസിയായി വിദ്യാഭ്യാസം മാറുമ്പോൾ സാമൂഹികലക്ഷ്യം കീഴ്‌മേൽ മറിയുകയാണ്.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖല ശക്തിപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. കോർപറേറ്റ് സങ്കൽപങ്ങളാണ് ഇന്ന് വിദ്യാഭ്യാസത്തെ നയിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ലക്ഷ്യബോധത്തോടെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് വലിയ ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്. 
കേരളത്തിൽ ആഗോളീകരണ, നവലിബറൽ നയങ്ങൾക്ക് ബദൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമാണ് സർക്കാർ നടത്തുന്നത്. രാജ്യത്ത് എല്ലാ രംഗങ്ങളിലും ബദൽ ഉയർന്നുവരാനുള്ള സാധ്യത ഇന്ന് കേരളത്തിൽ മാത്രമാണുള്ളത്. 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ സ്വകാര്യ സ്‌കൂളുകളിൽനിന്നു വിദ്യാർഥികളെ സർക്കാർ വിദ്യാലയങ്ങളിൽ തിരിച്ചെത്തിക്കുകയാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുവേണ്ടി അധ്യാപകരും വിദ്യാർഥികളും മാത്രമല്ല, മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ബഹുജന പ്രസ്ഥാനങ്ങളും ഒന്നിക്കുന്നതാണ് കാണാൻ കഴിയുന്നത്. 
അൺ എയ്ഡഡ്, ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിനു അപ്പുറത്താണ്.സർക്കാരിനോടു വിലപേശാനും വ്യവസ്ഥകൾ പറയാനും സ്വകാര്യമേഖല പരിശ്രമിക്കുകയാണ്. മെഡിക്കൽ, എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമാണ്. 
വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും പുതിയ തൊഴിൽ സാധ്യതകളെ ചൂഷണങ്ങളിൽനിന്നു മാറ്റിനിർത്താനും സർക്കാരിനു കഴിയണം. രാജ്യത്ത് ഉള്ള തൊഴിൽ നഷ്ടമാകുകയും തൊഴിലില്ലായ്മ  വർധിക്കുകയുമാണ്.ദേശീയ വളർച്ചാനിരക്കിൽ രണ്ട് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഷിക, വ്യാവസായിക മേഖലകളിൽ രാജ്യം പിറകോട്ടുനടക്കുന്നത് തൊഴിൽ മേഖലയെ ഗുരതരമായി ബാധിക്കുകയാണെന്ന് രാജേന്ദ്രൻ പറഞ്ഞു. 
സമൂഹസൃഷ്ടിയിൽ ഏറെ പങ്കുവഹിക്കുന്ന അധ്യാപകരുടെ പ്രശ്‌നങ്ങൾ മാത്രല്ല, വിദ്യാഭ്യാസത്തിന്റെ മൗലിക പ്രശ്‌നങ്ങളെയും വിലയിരുത്താനും പരിഹാരം നിർദേശിക്കാനും എ.കെ.എസ്.ടി.യുവിനു കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
യൂണിയൻ പ്രസിഡന്റ് ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, കെ.ജി.ഒ.എഫ് ജനറൽ സെക്രട്ടറി സജികുമാർ, എ.കെ.എസ്.ടി.യു സ്ഥാപക ജനറൽ സെക്രട്ടറി എടത്തട്ടിൽ മാധവൻ, മുൻ ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ വിജയൻ ചെറുകര സ്വാഗതവും ജനറൽ കൺവീനർ വി. ദിനേശ്കുമാർ നന്ദിയും പറഞ്ഞു. 

 

 

Latest News