കാസർക്കോട്- ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ ഇതേ സ്‌കൂളിലെ അധ്യാപകൻ മുള്ളേരിയ ആദൂരിലെ ഉസ്മാനെതിരെ (26) കേസെടുത്തു. പോക്‌സോ, ബാലനീതിവകുപ്പ് എന്നിവകൂടി ചേർത്ത് അന്വേഷണം തുടരാൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ മേൽപ്പറമ്പ് പോലീസ് റിപ്പോർട്ട് നൽകി.
ബേക്കൽ ഡിവൈ.എസ്.പി. കെ.സുനിൽകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടിക്ക് അധ്യാപകനായ ഉസ്മാൻ ശബ്ദസന്ദേശങ്ങളും മറ്റും കൈമാറിയിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി മേൽപ്പറമ്പ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസ് പറഞ്ഞു. ഒളിവിൽ പോയ ഉസ്മാന്റെ മൊബൈൽഫോൺ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് കർണാടകയിൽ പോയിരുന്നു. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹികമാധ്യമങ്ങൾ വഴിയുള്ള ചാറ്റിങ്ങിലൂടെ നിരന്തരം പിന്തുടർന്നതായി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷൻ കേസെടുത്തു.






