മുസ്ലിം യുവതിയെ ബൈക്കില്‍ കയറ്റിയതിന് മര്‍ദനം, നാല് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാനയില്‍ മുസ്ലിം യുവതിയെ ബൈക്കില്‍ കയറ്റി സഞ്ചരിച്ചതിന് ഹിന്ദു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആറു പേര്‍ ഉള്‍പ്പെട്ടതായും രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
നിസാമാബാദ് ജില്ലയിലുള്ള ഐഐഐടി ജീവനക്കാരാണ് യുവതിയും യുവാവും. കാറിലെത്തിയ സംഘമാണ് ഇവരെ തടഞ്ഞത്. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മര്‍ദിച്ച ശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ യുവതിയുടെ സഹോദരന്‍ എത്തിയ ശേഷമാണ് വിട്ടയച്ചത്. ഏതാനും രേഖകള്‍ വാങ്ങുന്നതിനായി താനാണ് സഹോദരിയെ ഹിന്ദുയുവാവിനോടൊപ്പം അയച്ചതെന്ന് ബോധ്യപ്പെടുത്തിയതിനുശേഷമാണ് യുവാവിനെ വിട്ടയച്ചത്. മര്‍ദനമേറ്റയാള്‍ ദളിത് സമുദായക്കാരനായതിനാല്‍ പട്ടിക ജാതി നിയമവും കേസില്‍ ഉള്‍പ്പെടുത്തിയതായി പോലീസ് പറഞ്ഞു.

 

Latest News