Sorry, you need to enable JavaScript to visit this website.

'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല' കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്- കോണ്‍ഗ്രസ് നേതാവ് കെ.പി.അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 11 മണിക്ക് വിളിച്ചുചേര്‍ത്താ മാധ്യമസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
'ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിര്‍വ്വാഹ സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡന്റുമാര്‍ക്കൊപ്പം ജന. സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി. ഇപ്പോഴത്തെ നേതൃത്വത്തിന്റേത് ഏകാധിപത്യ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു'.ഡി.സി.സി പട്ടികയും പിന്നാലെ അച്ചടക്ക നടപടിയും എത്തിയതോടെ കെ.പി അനില്‍കുമാര്‍ രൂക്ഷ വിമര്‍ശനമായിരുന്നു നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നത്. ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനായിരുന്നു സസ്പെന്‍ഷന്‍.കോഴിക്കോട് എം.പി, എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെയും രൂക്ഷ വിമര്‍ശനമാണ് അനില്‍കുമാര്‍ നടത്തിയത്. രാഘവനാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു അനില്‍കുമാറിന്റെ ആക്ഷേപം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.പി അനില്‍കുമാര്‍ ആവര്‍ത്തിച്ചിരുന്നു.

Latest News