Sorry, you need to enable JavaScript to visit this website.

ജാട്ടുകളെ പാട്ടിലാക്കാന്‍ അലിഗഢില്‍ ഒരു യൂനിവേഴ്‌സിറ്റി കൂടി; പ്രധാനമന്ത്രി മോഡി ശിലയിടും

അലിഗഢ്- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ജാട്ട് സമുദായത്തെ പാട്ടിലാക്കാന്‍ പ്രമുഖ ജാട്ട് നേതാവിന്റെ പേരില്‍ ഒരു യൂനിവേഴ്‌സിറ്റി കൂടി സംസ്ഥാന ബിജെപി സര്‍ക്കാര്‍ നിര്‍മിക്കുന്നു. ജാട്ട് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ രാജ മഹേന്ദ്ര പ്രതാപ് സിങിന്റെ പേരിലാണ് സര്‍വകലാശാല. അലിഗഢ് ജില്ലയിലെ ലോധ, മെസപുര്‍ കരീം ജറോലി ഗ്രാമങ്ങളിലായി 92 ഏക്കര്‍ ഭൂമിയിലാണ് രാജ മഹേന്ദ്ര പ്രതാപ് സിങ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി നിര്‍മിക്കുന്നത്. അലിഗഢ് ഡിവിഷനിലെ 395 കോളെജുകള്‍ ഈ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജാട്ട് നേതാവിന്റെ പേരില്‍ ഒരു യൂനിവേഴ്‌സിറ്റിക്ക് തറക്കല്ലിടുന്നത് ജാട്ട് സമുദായത്തെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. പടിഞ്ഞാറന്‍ യുപിയിലെ ജനസംഖ്യയില്‍ ജാട്ട് സമുദായം 17 ശതമാനം വരും. 2014, 2017, 2019 തെരഞ്ഞെടുപ്പുകള്‍ കൂടുതലായും ഈ സമുദായം ബിജെപിയെ ആണ് പിന്തുണച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തമായതോടെ ഇത്തവണ ജാട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്നിട്ടുണ്ട്. 

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പൂര്‍വ രൂപമായ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് രാജ മഹേന്ദ്ര പ്രതാപ് സിങ്. അലിഗഢ് യൂനിവേഴ്‌സിറ്റിക്കു വേണ്ടി 1929ല്‍ മഹേന്ദ്ര പ്രതാപ് സിങ് മൂന്ന് ഏക്കര്‍ ഭൂമി രണ്ടു രൂപ വാര്‍ഷിക നിരക്കിന് പാട്ടത്തിന് നല്‍കിയതായും ഭൂമി രേഖകളിലുണ്ട്.
 

Latest News