Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഷപ്പിന്റെ പ്രസ്താവന; കേരള കോൺഗ്രസിൽ പ്രതിസന്ധി

തിരുവനന്തപുരം- പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ ചൊല്ലി കേരളാകോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിസന്ധി. സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസും സി.പി.എമ്മും രംഗത്തുവന്നോതോടെയാണ് എൽ.ഡി.എഫിലും യു.ഡി.എഫിലുമുള്ള കേരളാ കോൺഗ്രസുകൾക്ക് പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാക്കിയത്. കേരളാ കോൺഗ്രസിന്റെ രാഷ്ട്രിയ അടിത്തറ ക്രിസ്തുമത വിശ്വാസികളാണ്.പ്രത്യേകിച്ച് കത്തോലിക്ക വിശ്വാസികളുമാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനും പ്രതിപക്ഷനേതാവ് വി.ഡിസതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമെല്ലാം ബിഷപ്പിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനെ ഇത്തരം പ്രസ്താവനകൾ സഹായിക്കുകയുള്ളൂ എന്നാണ് നേതാക്കൾ ചൂണ്ടികാണിക്കുന്നത്. മയക്കുമരുന്നിന് മതമില്ലെന്നും സാമൂഹ്യവിരുദ്ധതയാണ് അതിന്റെ പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. 
ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരനും ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ളയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ,.സുരേന്ദ്രനുമാണ് ബിഷപ്പിന് പിന്തുണയുമായി രംഗത്തുവന്നത്. കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബി.ജെ.പിയാണ് ബിഷപ്പിന് പിന്നിലെന്ന് പി.ടി തോമസ് എം.എൽ.എയും കഴിഞ്ഞദിവസം സൂചനനൽകിയിരുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താാവന വിവാദമായെങ്കിലും കേരളാ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയായിരുന്നു.
എന്നാൽ കേരളാ കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ മൗനം വെടിയണമെന്ന ആവശ്യം ബിഷപ്പിനെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനെ തുടർന്ന് എൽ.ഡി.എഫിലേക്ക് ചേക്കേറിയ കേരളാകോൺഗ്രസ് എം.നേതാവ് ജോസ.്‌കെ.മാണിയും യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്ന പി.ജെ ജോസഫും ബിഷപ്പിനെ തള്ളാതെയും എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന നിലയിൽ പ്രതികരിച്ചു തടിതപ്പാനാണ് ശ്രമിച്ചത്. പാലാ ബിഷപ്പ് സാമൂഹ്യതിന്മക്കെതിരെയാണ് പ്രതികരിച്ചത്. മയക്കു മരുന്നിനെതിരെ ജാഗ്രതപാലിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നുമാണ് ജോസ് കെ.മാണിയുടെ വാദം. ബിഷപ്പിന്റെ പരാമർശം വിവാദമാക്കാൻ പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അധിഷേപിച്ചവർ കേരളത്തിൽ സമാധാനം തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുമ്പ് കത്തോലിക്ക സഭ ലൗ ജിഹാദ് വിവാദം ഉയർത്തിയപ്പോൾ ജോസ് കെ മാണി അതിന് പിന്തുണയുമായി വന്നിരുന്നു. എന്നാൽ എൽ.ഡി.എഫ് നേതൃത്വം ഇടപെട്ടതോടെ അദ്ദേഹം വിമർശനം മയപ്പെടുത്തി തലയൂരുകയായിരുന്നു. എസ്.എൻ.എസും എസ്.എൻഡിപിയും ലൗജിഹാദ് ഉണ്ടെന്നനിലയിൽ രംഗത്തുവന്നിരുന്നു. വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിലാണ് ലൗജിഹാദ് വിവാദം ഉയർത്തികൊണ്ടുവന്നത്. പിന്നീട് കോടതി ലൗ ജിഹാദില്ലെന്ന് കണ്ടെത്തി. 
വിവാദ പ്രസ്താവനയുടെ പേരിൽ പി.ജെ.ജോസഫും ബിഷപ്പിനെ തള്ളാൻ തയ്യാറായില്ല. സമൂഹം നേരിടുന്ന നാർക്കോട്ടിക് പ്രശ്‌നത്തിനെതിരെ സഭാവിശ്വാസികളെ ബോധവൽക്കാരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മുസ്‌ലിം സമുദായത്തിനെതിരെയുള്ള ആക്ഷേപത്തോട് അദ്ദേഹം മൗനം പാലിക്കുകയും ചെയ്തു. 
കെട്ടടങ്ങിയ ലൗ ജിഹാദിനെ വീണ്ടും സജീവമാക്കാനാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ബി.ഡി.ജെ.എസ്. നേതാവ്  തുഷാർവെള്ളാപ്പള്ളിയും ശ്രമിച്ചത്. സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റ് പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽ വീഴ്ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യിക്കുന്ന ഭീകരപ്രവർത്തനം നാട്ടിൽനടക്കുന്നുണ്ടെന്നാണ് എൻ.എസ്.എസ് നിലപാട്.എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ ഏതെങ്കിലും മതത്തിന്റെയോ, സമുദായത്തിന്റെയോ പരിവേഷം നൽകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
കുർബാനക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തുന്നതിനെതിരെ കന്യാസ്ത്രീകൾ പ്രതിഷേധിച്ചിറങ്ങിപ്പോയത് കത്തോലിക്ക സഭക്കുള്ളിൽ ഇക്കാര്യത്തിലുള്ള ഭിന്നത പുറത്തുകൊണ്ടുവരാൻ ഇടയാക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ  കന്യാസ്ത്രീകളാണ് ശക്തമയ നിലപാടുമായി സഭയെ വെട്ടിലാക്കിയത്. കത്തോലിക്ക സഭക്കുള്ളിലെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിനും ബി.ജെ.പിയെ പ്രീണിപ്പിക്കാനുമാണ് നിരന്തരം മുസ്‌ലിം വിരുദ്ധപ്രസ്താവനകൾ കത്തോലിക്ക പുരോഹിതന്മാർ നടത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News