Sorry, you need to enable JavaScript to visit this website.

തൊഴിൽ അപകടങ്ങളിൽ 3,426 പേർക്ക് പരിക്ക്

റിയാദ് - മൂന്നു മാസത്തിനിടെ കോൺട്രാക്ടിംഗ് മേഖലയിൽ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 3,423 പേർക്ക് പരിക്കേറ്റതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിൽ പ്രതിദിനം ശരാശരി 38 പേർക്കു വീതം കോൺട്രാക്ടിംഗ് മേഖലയിൽ തൊഴിൽ അപകടങ്ങളിൽ പരിക്കുകൾ സംഭവിച്ചു. കോൺട്രാക്ടിംഗ് മേഖലയിൽ രാജ്യത്ത് 1,77,591 സ്ഥാപനങ്ങളാണുള്ളത്. ഈ മേഖലയിൽ പതിനായിരം തൊഴിലാളികളിൽ പന്ത്രണ്ടു പേർക്കു വീതം മൂന്നു മാസത്തിനിടെ തൊഴിൽ പരിക്കുകൾ നേരിട്ടു. കോൺട്രാക്ടിംഗ് മേഖലയിൽ സ്വദേശികളും വിദേശികളും അടക്കം ആകെ 28,28,553 ജീവനക്കാരാണുള്ളത്. 
കോൺട്രാക്ടിംഗ് മേഖലയിൽ തൊഴിൽ പരിക്കുകൾ സംഭവിച്ചവരിൽ 83.8 ശതമാനം പേരും കെട്ടിട നിർമാണ മേഖലാ ജീവനക്കാരാണ്. അവശേഷിക്കുന്നവർ മോടിപിടിപ്പിക്കൽ സേവന മേഖല, സ്‌പെഷ്യൽ നിർമാണ ജോലികൾ, ഖനന മേഖല, സിവിൽ എൻജിനീയറിംഗ്, മാലിന്യ ശേഖരണം, സംസ്‌കരണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. 
ഖനന മേഖലയിലാണ് സൗദി ജീവനക്കാർക്ക് ഏറ്റവും കൂടുതൽ തൊഴിൽ പരിക്കുകൾ നേരിട്ടത്. ഈ മേഖലയിൽ മൂന്നു മാസത്തിനിടെ തൊഴിൽ പരിക്ക് നേരിട്ടവരിൽ 44.3 ശതമാനം സ്വദേശികളും 55.7 ശതമാനം വിദേശികളുമാണ്. തൊഴിൽ പരിക്ക് നേരിട്ടവരിൽ കെട്ടിട നിർമാണ മേഖലയിൽ 98.1 ശതമാനം വിദേശികളും 1.9 ശതമാനം സ്വദേശികളും സിവിൽ എൻജിനീയറിംഗ് മേഖലയിൽ 91.7 ശതമാനം പേർ വിദേശികളും 8.3 ശതമാനം പേർ സ്വദേശികളും സ്‌പെഷ്യൽ നിർമാണ മേഖലയിൽ 2.7 ശതമാനം പേർ സൗദികളും 97.3 ശതമാനം പേർ വിദേശികളും സേവന മേഖലയിൽ മൂന്നു ശതമാനം പേർ സൗദികളും 97 ശതമാനം പേർ വിദേശികളുമാണ്. മാലിന്യ ശേഖരണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ തൊഴിൽ പരിക്ക് സംഭവിച്ചവരിൽ മുഴുവൻ പേരും വിദേശികളാണ്. 
ഈ വർഷം ആദ്യ പാദത്തിൽ കോൺട്രാക്ടിംഗ് മേഖലയിൽ തൊഴിൽ പരിക്ക് നേരിട്ടവരിൽ 63 ശതമാനം ഇടത്തരം സ്ഥാപനങ്ങളിലെയും 21 ശതമാനം പേർ വൻകിട സ്ഥാപനങ്ങളിലെയും 13 ശതമാനം പേർ ചെറുകിട സ്ഥാപനങ്ങളിലെയും മൂന്നു ശതമാനം മൈക്രോ സ്ഥാപനങ്ങളിലെയും തൊഴിലാളികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 
തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് ഗോസി സമഗ്ര വൈദ്യപരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴിൽ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കൽ നിർബന്ധമാണ്. പ്രാഥമിക ശുശ്രൂഷകൾ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകൾ തങ്ങൾക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകൾ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. താമസസ്ഥലത്തു നിന്ന് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകളും തൊഴിൽ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴിൽ സ്വഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ഇതേ പോലെ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. 
തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടയ്‌ക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടയ്ക്കൽ നിർബന്ധമാണ്. 
സ്വദേശികൾക്ക് ഗോസി പങ്കാളിത്ത പെൻഷൻ പദ്ധതിയും തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷയും നടപ്പാക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് വേതനത്തിന്റെ 18 ശതമാനവും തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിലേക്ക് രണ്ടു ശതമാനവുമാണ് അടയ്‌ക്കേണ്ടത്. ഇതിന്റെ പകുതി തൊഴിലുടമയും പകുതി സ്വദേശി തൊഴിലാളികളുമാണ് വഹിക്കേണ്ടത്. 
തൊഴിൽ പരിക്കുകൾ മൂലം താൽക്കാലികമായി ജോലിക്ക് പോകാൻ കഴിയാത്ത കാലത്തെ പൂർണ വേതനത്തിന് തുല്യമായ അലവൻസ് ലഭിക്കുന്നതിന് ഗോസി വരിക്കാരായ തൊഴിലാളികൾക്ക് അവകാശമുണ്ട്. 
ഗോസി ചെലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേതനത്തിന്റെ 75 ശതമാനമാണ് അവലൻസ് ആയി ലഭിക്കുക. തൊഴിൽ പരിക്ക് സംഭവിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പരിക്ക് ഭേദമാകുന്നതു വരെയുള്ള കാലത്ത് അലവൻസ് വിതരണം ചെയ്യും. 

Tags

Latest News