Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ സാമ്പത്തിക വളർച്ചയുടെ പാതയിൽ

റിയാദ് - കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ തരണം ചെയ്ത് സൗദി അറേബ്യ സാമ്പത്തിക വളർച്ചയുടെ പാതയിൽ പ്രവേശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ ദേശീയ സമ്പദ്‌വ്യവസ്ഥ 1.8 ശതമാനം വളർച്ച നേടി. നടപ്പുവർഷം  ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ സാമ്പത്തിക വളർച്ച 0.6 ശതമാനമാണ്. 
കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് സ്വകാര്യ മേഖല 11.1 ശതമാനവും സർക്കാർ മേഖല 2.3 ശതമാനവും വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ എണ്ണ മേഖല 2.4 ശതമാനം വളർച്ച കൈവരിച്ചതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട  റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച്  പെട്രോളിതര മേഖലയിൽ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി. പത്തു വർഷത്തിനിടെ പെട്രോളിതര മേഖല രേഖപ്പെടുത്തുന്ന ഏറ്റവും മികച്ച വളർച്ചയാണിത്. 2011 രണ്ടാം പാദത്തിനു ശേഷം ആദ്യമായാണ് പെട്രോളിതര മേഖലയിൽ ഇത്രയും വലിയ വളർച്ച രേഖപ്പെടുത്തുന്നത്. 
കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടതോടെ സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളാണ് സൗദി സമ്പദ്‌വ്യവസ്ഥയെ വേഗത്തിൽ വളർച്ചയുടെ പാതയിൽ തിരികെ എത്തിക്കാൻ സഹായിച്ചത്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ എണ്ണ മേഖല 6.9 ശതമാനം പിന്നോട്ടടിച്ചു. ആഗോള വിപണിയിൽ എണ്ണവിലയിടിച്ചിൽ തടയാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സംഘടനക്ക് പുറത്തെ സ്വതന്ത്ര ഉൽപാദകരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ പ്രകാരം സൗദി അറേബ്യ ഉൽപാദനം കുറച്ചതാണ് എണ്ണ മേഖല 6.9 ശതമാനം തോതിൽ പിന്നോട്ടടിക്കാൻ കാരണം. 2020 മെയ് ആദ്യം മുതലാണ് ഒപെക് പ്ലസ് കൂട്ടായ്മ കരാർ പ്രകാരം സൗദി അറേബ്യയും മറ്റു അംഗ രാജ്യങ്ങളും എണ്ണയുൽപാദനം വെട്ടിക്കുറച്ചത്. 
ഈ വർഷം ആദ്യ പകുതിയിൽ വിദേശ നിക്ഷേപ ലൈസൻസുകൾ 108 ശതമാനം തോതിൽ വർധിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.  1,054 സ്ഥാപനങ്ങൾക്കാണ് വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ 509 സ്ഥാപനങ്ങൾക്കു മാത്രമാണ് നിക്ഷേപ മന്ത്രാലയം വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചിരുന്നത്. 
സൗദി, വിദേശ പങ്കാളിത്തത്തോടെയുള്ള സംയുക്ത നിക്ഷേപ പദ്ധതികൾക്ക് ഈ വർഷം ആദ്യ പകുതിയിൽ അനുവദിച്ച ലൈസൻസുകൾ ആകെ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളുടെ 45 ശതമാനമായി ഉയർന്നു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ ആകെ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളിൽ 27 ശതമാനം മാത്രമായിരുന്നു സംയുക്ത നിക്ഷേപ പദ്ധതികൾക്ക് അനുവദിച്ചിരുന്നത്. നടപ്പുവർഷം ആദ്യത്തെ ആറു മാസത്തിനിടെ വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ച പദ്ധതികളിൽ 55 ശതമാനം പൂർണമായും വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളവയാണ്. 
ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളുടെ എണ്ണം 21 ശതമാനം തോതിലും വർധിച്ചു. ആറു മാസത്തിനിടെ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചത് ചില്ലറ വ്യാപാര മേഖലയിലാണ്. 
ആകെ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളിൽ 21 ശതമാനവും ചില്ലറ വ്യാപാര മേഖലയിലാണ്. രണ്ടാം സ്ഥാനത്തുള്ള വ്യവസായ മേഖലയിൽ 20 ശതമാനം വിദേശ നിക്ഷേപ ലൈസൻസുകളാണ് അനുവദിച്ചതെന്നും നിക്ഷേപ മന്ത്രാലയം അറിയിച്ചു.
 

Tags

Latest News