Sorry, you need to enable JavaScript to visit this website.

വെളുപ്പിച്ചത് 1700 കോടി റിയാല്‍; സൗദിയില്‍ വിദേശികളടക്കം 24 പേര്‍ക്ക് ശിക്ഷ

റിയാദ് - പണം വെളുപ്പിക്കല്‍ കേസ് പ്രതികളായ 24 പേരെ റിയാദ് അപ്പീല്‍ കോടതി ശിക്ഷിച്ചു. സൗദി പൗരന്മാരും വിദേശികളും അടങ്ങിയ സംഘം 1,700 കോടിയോളം റിയാല്‍ വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികള്‍ക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ 20 വര്‍ഷം തടവാണ്.
കേസിലെ പ്രതികളായ സൗദി പൗരന്മാര്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് തടവു ശിക്ഷക്ക് തുല്യമായ കാലത്തേക്ക് വിലക്കിയിട്ടുണ്ട്. വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി ആകെ ഏഴര കോടിയിലേറെ റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. പ്രതികള്‍ വെളുപ്പിച്ച മുഴുവന്‍ പണവും കണ്ടുകെട്ടാനും വിധിയുണ്ട്.
ഫാക്ടറികള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മറയിലാണ് പ്രതികള്‍ സംഘിടതമായി പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയത്. പണം വെളുപ്പിക്കല്‍, പണം വെളുപ്പിക്കല്‍ ഇടപാടുകളില്‍ പങ്കാളിത്തം വഹിക്കല്‍, പണം ശേഖരിക്കല്‍, വിദേശങ്ങളിലേക്ക് അയക്കല്‍, പണം വെളുപ്പിക്കല്‍ ഇടപാടുകളെ കുറിച്ച് അറിവുണ്ടായിട്ടും അതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതിരിക്കല്‍, പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കല്‍, കൈക്കൂലി എന്നിവ അടക്കം വ്യത്യസ്ത പങ്കുകളാണ് പ്രതികള്‍ വഹിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

 

 

Latest News