Sorry, you need to enable JavaScript to visit this website.

ഭാര്യവീട്ടിലേക്ക് വന്നയാള്‍ക്ക് സദാചാര ഗുണ്ടകളുടെ മര്‍ദനം, രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്- ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം ഉണ്ടായ സംഭവത്തില്‍ രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാള്‍ക്കാണ് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അസമയത്ത് എവിടെ പോകുന്നുവെന്ന് ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന് ഷൗക്കത്ത് പറയുന്നു.

ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഷൗക്കത്തിനെ ഇവര്‍ മര്‍ദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ പ്രതിയായ അജ്മല്‍ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

ഭാര്യവീട്ടിലുള്ള മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുമായി പോവുകയായിരുന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ഈ സമയം പിന്‍തുടര്‍ന്നെത്തിയ രണ്ട് അംഗ സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

 

Latest News