Sorry, you need to enable JavaScript to visit this website.

സി.പി.ഐയില്‍ പുകച്ചില്‍, ഡി. രാജയെ പരസ്യമായി തള്ളിയത് ശരിയായില്ലെന്ന് വിമര്‍ശം

തിരുവനന്തപുരം- സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി തള്ളിപ്പറഞ്ഞതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം രംഗത്ത്. ദേശീയ നേതൃത്വത്തിലെ ചിലരും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന.

സംസ്ഥാന പോലീസിനെക്കുറിച്ചുള്ള ആനിരാജയുടെ വിമര്‍ശമാണ് സി.പി.ഐയിലെ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ആനി രാജയെ ന്യായീകരിച്ച ഡി.രാജക്കെതിരായ പരസ്യ പ്രതികരണം ഉചിതമായില്ലെന്നു കാട്ടി സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍ കാനത്തിന് കത്ത് നല്‍കിയതായി അറിയുന്നു. സി.പി.ഐ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ, സംസ്ഥാന ഘടകത്തിലെ വിഭാഗീയത വീണ്ടും മറനീക്കുന്നതിന്റെ സൂചനയാണിത്. ജനറല്‍ സെക്രട്ടറി ഡി.രാജയോട് സംസ്ഥാന പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വം നേരത്തേ മുതല്‍ ശീതസമരത്തിലാണ്. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ , അനാരോഗ്യമുണ്ടായിട്ടും സുധാകര്‍ റെഡ്ഢി ജനറല്‍ സെക്രട്ടറിയായി തുടരേണ്ടി വന്നത് കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം കാരണമായിരുന്നു. രാജ്യത്ത് സി.പി.ഐയുടെ ഏറ്റവും പ്രബലമായ ഘടകം കേരളത്തിലേതാണ്. കേരള ഘടകത്തെ തള്ളി മുന്നോട്ടുപോകാനാകില്ല.
സംസ്ഥാന ഘടകത്തില്‍ തന്റെ അധീശത്വം ഉറപ്പാക്കിയ കാനം, രണ്ടു ടേം തുടര്‍ച്ചയായി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. സി.പി.ഐയുടെ ഭരണഘടനയനുസരിച്ച് തുടര്‍ച്ചയായി മൂന്നാം ടേമിലും സെക്രട്ടറിയാകാന്‍ സംസ്ഥാന കൗണ്‍സിലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇതിനുള്ള നീക്കങ്ങളിലാണ് ഔദ്യോഗിക നേതൃത്വം.

 

Latest News