Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉണ്ടോ സഖീ..എന്ന ഗാനം വഴി, കേരള മനസ്സ് കീഴടക്കിയ  പണ്ഡിത വ്യക്തിത്വം

മുസ്‌ലിം നവോത്ഥാന നായകരിലൊരാളായിരുന്ന എം. അബ്ദുല്ലക്കുട്ടി മൗലവി കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ വടക്കെ മലബാറിലേക്ക് ബ്രിട്ടീഷുകാർ നാടു കടത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറം ജില്ലയിലെ  വാഴക്കാട്ടേക്ക് അന്നദ്ദേഹത്തിന് പ്രവേശനമുണ്ടായിരുന്നില്ല. ചരിത്ര ഗതിയിൽ അദ്ദേഹം വലിയ മാറ്റങ്ങളുടെ കേന്ദ്രമായ കുറ്റിയാടിയിൽ എത്തിച്ചേർന്നത് ആ പ്രദേശത്തിന്റെയാകെ സൗഭാഗ്യമായി മാറി.  കുറ്റിയാടിയിലെ അബ്ദുല്ലക്കുട്ടി മൗലവിയുടെ വിപ്ലവ ജീവിതം കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ പ്രിയ പുത്രനാണ് കഴിഞ്ഞ ദിവസം 76 ാമത്തെ വയസ്സിൽ  നമ്മെ വിട്ടു പിരിഞ്ഞ റഹീം കുറ്റിയാടി എന്ന റഹീം മൗലവി. അദ്ദേഹത്തോട് ചേർത്തുവെക്കാവുന്ന വിശേഷണങ്ങൾ എത്രയോ ഉണ്ട്. 'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്നതിന് പുറമെ  നൂറോളം ലളിത മനോഹരമായ മാപ്പിളപ്പാട്ടുകളുടെ രചയിതാവ്,  മത പണ്ഡിതൻ, പ്രഭാഷകൻ, അറബി സംസ്‌കൃത പണ്ഡിതൻ, നിരവധി വേദികളിൽ മതതാരതമ്യ പ്രഭാഷണങ്ങൾ നടത്തിയ വ്യക്തി, ഗീത - ബൈബിൾ - ഖുർആൻ സമന്വയ ദർശനം, ഖുർആനും പൂർവവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങൾ ഖുർആനിൽ, സാൽവേഷൻ തുടങ്ങി പത്തോളം പുസ്തകങ്ങളുടെ  രചയിതാവ്. 
 ഇതിനെല്ലാം അപ്പുറം അദ്ദേഹം കേരള മനസ്സിന്റെ മാണിക്യക്കൊട്ടാരത്തിൽ കയറിയത് ഉണ്ടോ സഖീ .. എന്ന് തുടങ്ങുന്ന ഹൃദയഹാരിയായ വരികളിലൂടെയാണ്.  കേരളത്തിലെ മാപ്പിളപ്പാട്ടുകളിലെ ചെറുതും വലുതുമായ എല്ലാ തലമുറയും ഉണ്ടോ സഖീ... പാടിക്കൊണ്ടേയിരിക്കുന്നു.  റഹീം മൗലവിയുടെ വരികൾ ഏറ്റെടുത്ത് കേരളത്തിലാകെ ഇസ്‌ലാമിക കഥാപ്രസംഗങ്ങളും അരങ്ങേറുന്നുണ്ടെന്ന് യു ട്യൂബ് നോക്കിയാലറിയാം.   പണ്ഡിതനായ റഹീം മൗലവി ഇസ്‌ലാമിക ചരിത്രത്തിലെ മഹാമാതൃകയാണ് ലളിത വരികളിൽ കുറിച്ചിടുന്നത്.  സ്വന്തമായി ഒരു കുല മുന്തിരി വങ്ങാൻ  നാലണ പോലും കൈയില്ലാതിരുന്ന ഭരണാധികാരിയുടെ അവസ്ഥ അദ്ദേഹം പറഞ്ഞു തരുന്നു. പൊതു ഫണ്ട് കൈകാര്യം ചെയ്യുന്ന ഘട്ടത്തിൽ എല്ലാ കാലത്തെയും ഭരണാധികാരികൾ കാത്തു സൂക്ഷിക്കേണ്ട മാതൃകയാണ്  അമവിയ്യാ രാജകുമാരൻ ഉമറിബ്നു അബ്ദുൽ അസീസിന്റെ ലളിത ജീവിതം എഴുതിയ റഹീം മൗലവി പറഞ്ഞു തരുന്നത്.   പണ്ഡിത്യവും സർഗ പ്രതിഭയുമുള്ള   പ്രബോധകന് ഏതൊക്കെ വഴികളിൽ മനുഷ്യ മനസ്സിലേക്കിറങ്ങാമെന്ന് അദ്ദേഹം തെളിയിച്ചു തരികയായിരുന്നു. ആയിരക്കണക്കിന് പ്രസംഗങ്ങളേക്കാൾ ജനഹൃദയങ്ങളിലെത്താൻ ഇതു പോലുള്ള വരികൾക്ക് സാധിക്കുന്നു. അവയിൽ ചില വരികൾ വായിക്കുമ്പോൾ ഉൾക്കിടിലമുണ്ടാകാത്ത ആരാണുണ്ടാവുക. ഉണ്ടോ സഖീ നാലണ കൈയിൽ എന്ന് ചോദിച്ചുകൊണ്ട് മുന്തിരി തിന്നാനുള്ള ആശ മഹാനായ ഉമർ പ്രിയ സഖിയോട് പറയുമ്പോൾ അവർ  തിരിച്ചു ചോദിക്കുന്ന വരികൾ കേൾക്കുമ്പോൾ ആരുടെയും  നെഞ്ചു നീറും.  റഹീം മൗലവിയുടെ വരികൾ ആദ്യമായി അതിമനോഹരമായി പാടിയത് പ്രിയ സഹോദരൻ ഹമീദ് ഷർവാനിയും ഷൈലജയും ചേർന്നായിരുന്നു. 1972 ൽ അദ്ദേഹം എഴുതി എ. ടി. ഉമ്മർ സംഗീതം നൽകിയ ഈ  ഗാനത്തിനിപ്പോൾ 49 വയസ്സായിരിക്കുന്നു.  1975 ൽ മദ്രാസിലാണ് റെക്കോഡ് ചെയ്തത്. ഗാനത്തിന് ആ വർഷത്തെ മികച്ച ഗായകനുള്ള എം.ഇ.എസ് സ്വർണ മെഡൽ ലഭിക്കുകയുായി.  ഇന്ന് നമ്മോടൊപ്പമില്ലാത്ത ഹമീദ് ഷർവാനിയുടെ പാട്ടു മാത്രമല്ല ഭാവഹാവങ്ങളും എത്രയോ കാലം  നാട്ടിലും ഗൾഫിലും ജനഹൃദയങ്ങളെ കീഴടക്കി. 
കുറ്റിയാടിയിൽ ജീവിച്ച കാലത്ത് സഹോദരീ ഭർത്താവും പ്രമുഖ പണ്ഡിനുമായ ടി.കെ. ഇബ്രാഹിം മൗലവിയുമായി (അദ്ദേഹവും ഇന്നില്ല)  ചേർന്ന് മുന്നോട്ട് കൊണ്ടുപോയ  ആസാദ് കലാമന്ദിറിന്റെ കീഴിൽ നാടകം ഉൾപ്പെടെയുള്ള കലാപരീക്ഷണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. സഹോദരൻ ഷർവാനിയുടെ ശബ്ദം അവിടെയും വലിയ അനുഗ്രഹമായി. അബ്ദുല്ലക്കുട്ടി മൗലവിയയുടെ കുടുംബാംഗങ്ങളെല്ലാം  വിവിധ നാടുകളിലായി പല വഴിക്ക് സാംസ്‌കാരിക മത രംഗത്ത് സജീവമാണ്  -അക്ഷരാർഥത്തിൽ    ഭാഗ്യം ചെയ്ത കുടുംബം.

Latest News