കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് ശ്രമം- ചെന്നിത്തല

തിരുവനന്തപുരം- പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം മുതലെടുത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കേരളം ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്‍.എസ്.എസും ബി.ജെ.പിയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമം. ഇതിനെ ഗൗരവത്തില്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ശ്രീധരന്‍പിള്ള ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. ഗവര്‍ണര്‍ പദവിക്ക് ഒരു ഔന്നിത്യമുണ്ട്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം.

ഗോള്‍വാര്‍ക്കറുടെ പുസ്തകം പഠിപ്പിക്കാന്‍ താല്‍പര്യമുള്ള പിണറായി വിജയന്റെ വൈസ്ചാന്‍സലറാണ് കേരളത്തിലുള്ളത്. ഏത് ആശയം പഠിക്കുന്നതിലും തെറ്റില്ല. പക്ഷേ, കുട്ടികള്‍ക്ക് ഗാന്ധിയെയും നെഹ്‌റുവിനെയും പഠിപ്പിക്കാതെ ഗോള്‍വാര്‍ക്കറിനെ മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് പറയുന്ന അക്കാദമിക് സമിതികള്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News