നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചു

തമിഴ്നാട് നിയമസഭയില്‍നിന്ന് പ്രതിപക്ഷ എം.എല്‍.എമാരുടെ വാക്കൌട്ട്

ചെന്നൈ- അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്)യില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാനും പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നല്‍കാനും നിര്‍ദേശിക്കുന്ന ബില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
നീറ്റ് പരീക്ഷാഫലം ഭയന്ന് ഒരു വിദ്യാര്‍ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സാമൂഹിക നീതി ഉറപ്പുവരുത്താന്‍ പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മതി മെഡിക്കല്‍ പ്രവേശനമെന്ന ബില്‍. പ്രതിപക്ഷ അണ്ണാ ഡി.എം.കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് പുതിയ ബില്ലുമായി ഭരണകക്ഷി തന്നെ രംഗത്തുവന്നത്.
സേലത്ത് 19 കാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത വിഷയം ഉന്നയിച്ച് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ നേതാവ് കെ.പളനിസ്വാമി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നീറ്റ് റദ്ദാക്കുമെന്ന് ഡി.എം.കെ വാഗ്ദാനം നല്‍കിയതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ശരിയാംവിധം തയാറെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പളനിസ്വാമിയുടെ ചില പരാമര്‍ശങ്ങള്‍ സ്പീക്കര്‍ എം. അപ്പാവു നീക്കം ചെയ്തു.
പ്രതിപക്ഷ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്. മരിച്ച കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ വാക്കൗട്ട് നടത്തുകയും ചെയ്തു.
നന്നായി പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് ഭയന്നാണ് സേലത്തിനു സമീപത്തെ ഗ്രാമത്തിലെ 19 കാരന്‍ ധനുഷ് ഞായാറാഴ്ച ജീവനൊടുക്കിയത്. മരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അണ്ണാ ഡി.എം.കെ ആവശ്യപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെയാണ് ഭരണകക്ഷിയായ ഡി.എം.കെ കുറ്റപ്പെടുത്തുന്നത്.
പളനിസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി നീറ്റ് നടത്തിയതെന്നും ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നീറ്റ് നടത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

 

Latest News