Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് ഇന്ത്യയിലേക്ക് 200 ലേറെ ചാർട്ടേഡ് വിമാനങ്ങളുമായി ദാദാഭായ് ട്രാവൽസ്

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ മാലതി ഗുപ്തയെയും സൗദി എയർലൈൻസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചപ്പോൾ. 

കോവിഡ് പ്രതിസന്ധിക്കാലത്ത് പ്രവാസികൾക്ക് ആശ്വാസം പകർന്ന് ദാദാഭായ് ട്രാവൽസ് സൗദിയിൽനിന്ന് 200 ലേറെ ചാർട്ടേഡ് വിമാന സർവീസുകൾ ഇന്ത്യയിലേക്ക് നടത്തി ചരിത്രം കുറിച്ചു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യാന്തര സർവീസുകൾ നിർത്തിവെക്കുകയും ഇന്ത്യ-സൗദി എയർ ബബ്ൾ കരാർ യാഥാർഥ്യമാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കാൻ ദാദാഭായ് ട്രാവൽ നടത്തിയ സേവനം ഏറെ ശ്രദ്ധേയമായിരുന്നു. 200 ലേറെ സർവീസുകളിൽ 175 സർവീസുകളും സൗദി എയർലൈൻസുമായി സഹകരിച്ചായിരുന്നു. അടിയന്തരമായി നാട്ടിൽ പേകേണ്ട ആയിരിക്കണക്കിനു യാത്രക്കാർക്കാണ് ഈ സർവീസുകൾ പ്രയോജനപ്പെട്ടത്. ഇതിൽ പത്ത് സ്ട്രച്ചർ യാത്രക്കാരും നിരവധി വീൽചെയർ യാത്രക്കാരുമുണ്ടായിരുന്നു.

രോഗികളായും ജോലി നഷ്ടപ്പെട്ടും മറ്റു സാമ്പത്തികമായി പ്രയാസപ്പെട്ടവർക്ക് സൗജന്യ ടിക്കറ്റ് നൽകിയും ആശ്വാസമേകിയിരുന്നു. സർവീസുകളിൽ ബഹുഭൂരിഭാഗവും കേരളത്തിലേക്കായിരുന്നു. ദൽഹി, ബംഗളൂരു, ചെന്നൈ, ലഖ്‌നൗ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തിയിരുന്നു. വിജയകരമായി ഇത്രയും സർവീസുകൾ നടത്താനായതിന്റെ സന്തോഷം പങ്കിട്ടത് സർവീസുകൾക്ക് സഹകരണം നൽകിയവരെ ആദരിച്ചുകൊണ്ടുള്ള ആഘോഷം സംഘടിപ്പിച്ചുകൊണ്ടായിരുന്നു. 
ജിദ്ദ ഇന്റർകോന്റിനന്റൽ ഹോട്ടലിൽ നടന്ന ആഘോഷ ചടങ്ങിൽ കോൺസുലേറ്റ് പ്രതിനിധികളും സൗദി ഏയർലൈൻസിന്റെ ഉയർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും സാമൂഹിക പ്രവർത്തകരും ട്രാവൽ ഏജൻസി പ്രതിനിധികളും പങ്കെടുത്തു. ദാദാഭായ് എം.ഡി അസീസ് ഗിലിത്‌വാലയുടെയും ഹാരിസ് ഷംസുദ്ദീന്റെയും കീഴിലുള്ള മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തോടെയും സഹകരണത്തോടെയുമായിരുന്നു പദ്ധതി വിജയകരമായി നടപ്പാക്കിയത്. 


ദാദാഭായ് ട്രാവൽ ജിദ്ദ മാനേജർ മുഹമ്മദ് അബൂബക്കർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് മധുരം പങ്കിട്ടും സർവിസുകൾക്ക് സഹകരണം നൽകിയ നയന്ത്രകാര്യാലയ ഉദ്യോഗസ്ഥരെയും ട്രാവൽ ഏജൻസി പ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ആദിരിച്ചുമായിരുന്നു ആഘോഷം. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ മാലതി ഗുപ്ത, സൗദി എയർലൈൻസ് ജനറൽ മാനേജർ സമീർ മൊസിബാലി, സൗദി എയർലൈൻസ് സെയിൽസ് മാനേജർ അഹ്മദ് ഹബാനി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. 
റിയാദ് ഇന്ത്യൻ എംബസിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും സൗദി  എയർലൈൻസും ജിദ്ദയിലെ വിവിധ സന്നദ്ധ സംഘടനകളും നൽകിയ സഹകരണമാണ് വിജയകരമായി ഇത്രയും സർവീസുകൾ കോവിഡ് പ്രതിസന്ധിക്കാലത്ത് നടത്താൻ കഴിഞ്ഞതെന്ന് ദാദാബായ് ട്രാവൽസ് ജിദ്ദ മാനജേർ മുഹമ്മദ് അബൂബക്കർ പറഞ്ഞു. 
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് സെക്രട്ടറി ഇൻ ചാർജ് ഡോ. ആരതി കൃഷ്ണ, സൗദി എയർലൈൻസ് സെയിൽസ് വിഭാഗത്തിലെ താരീഖ് അബ്ദുറബ്ബ്, ബർ അൽ മജ്‌നൂനി, ഹാനി അൽത്വയ്ബി എന്നിവരുടേയും ട്രേഡ് പാർടണേഴ്‌സിന്റെയും സഹകരണത്തിന്ന് അബൂബക്കർ പ്രത്യേകം നന്ദി പറഞ്ഞു. 
യാത്രക്കാർക്കു വേണ്ട സേവനങ്ങൾ നൽകിയും സർവീസിനുവേണ്ട സഹായങ്ങൾ നൽകിയും സഹകരിച്ച ഒ.ഐ.സി.സി വെസ്റ്റേൺ റീജണൽ കമ്മിറ്റി, ജിദ്ദ തമിഴ് സംഘം, ഓവർസീസ് തെലുങ്കാന അസോസിയേഷൻ, തമിഴ് നാട് തൗഹീദ് ജമാഅത്, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കലകം, ഓവർസീസ് തെലങ്കാന അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെയും ട്രാവൽ ഏജൻസികളുടെ പ്രതിനിധികളെയും ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. ദാദാഭായ് ട്രാവൽസിന്റെ സൗദിയിലെ എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ കഠിനാധ്വാനവും സഹകരണവുമാണ് ഈ വിജയം കൈവരിക്കാൻ സഹായിച്ചതെന്ന് അബൂബക്കർ പറഞ്ഞു. 
 

Latest News