വിസിറ്റ് വിസക്കാർ രണ്ടാഴ്ചക്കകം നാടുവിടണം- സൗദി ജവാസാത്ത്

റിയാദ് -വിസിറ്റ് വിസക്കാർ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചുപോകണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് സൗദി നിയമമനുസരിച്ച് വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാടുവിടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ മറ്റു നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ജവാസാത്ത് പ്രതികരിച്ചു. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഫാമിലി വിസിറ്റ് വിസ മൂന്നു മാസത്തേക്ക് പുതുക്കാൻ ശ്രമിച്ച പലർക്കും രണ്ടാഴ്ചത്തേക്ക് മാത്രമാണ് പുതുക്കിക്കിട്ടിയത്. സൗദിയിൽ ഒരു വർഷം പൂർത്തിയാക്കിയവർക്കാണ് പ്രധാനമായും ഈ സന്ദേശമെത്തിയത്. രണ്ടാഴ്ചക്കകം നാടുവിടുമെന്ന് ജവാസാത്തിന് ഉറപ്പുനൽകിയ ശേഷമാണ് പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ഈ ഉറപ്പു നൽകി മണിക്കൂറുകൾക്കകം രണ്ടാഴ്ചത്തേക്ക് വിസ പുതുക്കുകയും ചെയ്തു.

അതേസമയം സൗദി അറേബ്യയിൽ കോവിഡ് കേസുകൾ നന്നേ കുറയുകയും മിക്ക രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നറിയുന്നു. ഇനി മുതൽ ഒരു മാസത്തേക്കോ മൂന്നു മാസത്തേക്കോ ഫാമിലി വിസ പുതുക്കാൻ ശ്രമിക്കുന്നവർ പുതുക്കിയ ശേഷം കൃത്യമായ തിയ്യതി മനസ്സിലാക്കിവെക്കണം. രണ്ടാഴ്ചത്തേക്ക് മാത്രമാണെങ്കിൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കാൻ ശ്രമിച്ച് നടക്കുന്നില്ലെങ്കിൽ ഉടൻ നാടുവിടേണ്ടിവരും. ഇല്ലെങ്കിൽ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടായേക്കും. കോവിഡ് പശ്ചാത്തലത്തിലാണ് 100 റിയാൽ അടച്ച് ഇൻഷുറൻസ് പുതുക്കി വിസിറ്റ് വിസ കാലാവധി നോക്കാതെ പുതുക്കാനുള്ള സംവിധാനം നിലവിൽ വന്നത്.
 

 

Latest News