തിരുവനന്തപുരം- നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അക്സര്‍ ബാഗ്ഷെയെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാള്‍ കോച്ചില്‍ ഉണ്ടായിരുന്നതായി കവര്‍ച്ചക്കിരയായ തിരുവല്ല സ്വദേശി വിജയലക്ഷ്മി തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ചിത്രങ്ങളില്‍നിന്നാണ് തിരിച്ചറിഞ്ഞത്.
തമിഴ്നാട്ടിലെ ഈറോഡ്, സേലം മേഖലകള്‍ കേന്ദ്രീകരിച്ച് ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്ന ആളാണ് അക്സര്‍ ബാഗ്ഷെ. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയാണ് രീതി. ഈറോഡില്‍നിന്നാണ് ഭക്ഷണം വാങ്ങിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. വാങ്ങിയ ഭക്ഷണം സീറ്റില്‍വച്ച ശേഷം മകളോടൊപ്പം കൈ കഴുകാന്‍ പോയി. ഈ സമയം പ്രതിയെന്ന് സംശയിക്കുന്നയാള്‍ തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്നു. കൈകഴുകി വന്നപ്പോള്‍ ഇയാളെ കണ്ടില്ലെന്നും കോയമ്പത്തൂരിനടുത്ത് വച്ചാണ് മയങ്ങിപ്പോയതെന്നുമാണ് വിജയലക്ഷ്മി പറയുന്നത്. അക്സര്‍ ബാഗ്ഷെക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യ എന്നിവരെയാണ് മയക്കി സ്വര്‍ണവും ഫോണുകളും കവര്‍ന്നത്. തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്.
വിജയലക്ഷ്മിടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. നിസാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.