Sorry, you need to enable JavaScript to visit this website.

വര്‍ക് ഫ്രം ഹോം വേണ്ട, ഭര്‍ത്താവിനെ ഓഫീസിലേക്ക്  വിളിക്കണം, അല്ലെങ്കില്‍ കുടുംബം തകരുമെന്ന് ഭാര്യ

സുല്‍ത്താന്‍ ബത്തേരി- ഹാരിസണ്‍ മലയാളം, സീയറ്റ് ടയേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമകളായ ആര്‍പിജി ഗ്രൂപ്പിന്റെ സാരഥി ഹര്‍ഷ് ഗോയങ്ക, ട്വിറ്ററില്‍ സജീവമായ ചില ബിസിനസ്സ് ഉടമകളില്‍ ഒരാളാണ്. തമാശ നിറഞ്ഞതും ചിന്തിപ്പിക്കുന്നതുമായ പല കാര്യങ്ങളും ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ചിലത് വൈറലാവാറുമുണ്ട്. ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ അടുത്തിടെ പോസ്റ്റ് ചെയ്തത് തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ ഭാര്യ അയച്ച കത്താണ്. 'തനിക്ക് എങ്ങനെയാണ് ഈ കത്തിനോട് പ്രതികരിക്കേണ്ടത് എന്നറിയില്ല' എന്ന കുറിപ്പോടെയാണ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റില്‍ ഉള്‍പ്പെടുത്തിയ മനോജ് എന്ന് പേരുള്ള ജീവനക്കാരന്റെ ഭാര്യ അയച്ച കത്തില്‍ പറയുന്നത് എത്രയും വേഗം തന്റെ ഭര്‍ത്താവിനെ ഓഫീസിലേക്ക് തിരികെ വിളിക്കണം എന്നാണ്. വര്‍ക്ക് ഫ്രം ഹോം സംവിധാനം തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ അവസാനിപ്പിക്കണം എന്നും രണ്ട് വാക്‌സിനും സ്വീകരിച്ചാല്‍ ഓഫീസില്‍ വന്നു ജോലി ചെയ്യാന്‍ ഭര്‍ത്താവ് യോഗ്യനാണ് എന്നും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ഭര്‍ത്താവ് പാലിക്കും എന്നും ഭാര്യ ഉറപ്പ് നല്‍കുന്നു.
സാധാരണ ഗതിയില്‍ ഭര്‍ത്താക്കന്മാര്‍ കൂടെയുണ്ടാകാന്‍ ഭാര്യമാര്‍ എപ്പോഴും താല്‍്പര്യപെടുമ്പോള്‍ മനോജിന്റെ ഭാര്യ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നല്ലേ? അതിനുള്ള കാരണവും ഭാര്യ വെളിപ്പെടുത്തുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടര്‍ന്നാല്‍ തങ്ങളുടെ ദാമ്പത്യജീവിതം അധികം മുന്നോട്ട് പോവില്ല എന്നാണ് ഭാര്യ പറയുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ 10 തവണയാണ് ദിവസവും കാപ്പി കുടിക്കുന്നത് എന്നും ദിവസത്തെ പല സമയങ്ങളില്‍ വീട്ടിലെ പലയിടത്തിയാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത് എന്നും ഭാര്യ പറയുന്നു. ഈ ജോലി ചെയ്യുന്ന ഇടങ്ങളെല്ലാം അലങ്കോലമാക്കിയാണ് ഭര്‍ത്താവിന്റെ ജോലി മുന്നോട്ട് പോവുന്നത്. കഴിഞ്ഞില്ല, ഭര്‍ത്താവ് ഇടക്കിടക്ക് ഭക്ഷണം വേണം എന്നാവശ്യപെടുന്നുണ്ട്. പലപ്പോഴും ഓഫീസില്‍ നിന്നും കോള്‍ വരുമ്പോള്‍ കക്ഷി ഉറക്കം തൂങ്ങുന്നതും സ്ഥിരം കാഴ്ചയാണ് എന്ന് ഭാര്യ പറയുന്നു.തനിക്ക് രണ്ട് കുട്ടികളുടെ കാര്യം നോക്കാനുണ്ട് എന്നും അതിനിടെ ഈ വക  കാര്യങ്ങള്‍ക്കായി സമയം ചിലവിടാന്‍ സാധിക്കാത്തതിനാല്‍ ഭര്‍ത്താവിനെ എത്രയും പെട്ടന്ന് ഓഫീസിലേക്ക് തിരികെ വിളിക്കണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
 

Latest News