Sorry, you need to enable JavaScript to visit this website.

കോടതി ഇടപെട്ടതോടെ കേന്ദ്രം തിരുത്തി; കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണം

ന്യൂദല്‍ഹി- കോവിഡ് ബാധ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷം 30 ദിവസത്തിനുള്ളില്‍ രോഗി ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം. കണക്കുകളിലെ അവ്യക്തത സുപ്രീം കോടതി ചോദ്യം ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍) സംയുക്തമായി മാര്‍ഗനിര്‍ദേങ്ങള്‍ പുതിക്കി നിശ്ചിയിച്ചത്. ഇത് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചു. കോവിഡ് മരണങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിലാണ് സുപ്രീം കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരുന്നത്.

കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരിച്ചാലെ കോവിഡ് മരണമായി പരിഗണിക്കൂവെന്ന് ഐസിഎംആര്‍ പഠനം പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് 30 ദിവസമാക്കി നിശ്ചയിക്കുകയായിരുന്നു. അതേസമയം ഈ കാലയളവില്‍ കോവിഡ് രോഗി അപകടത്തില്‍ മരിക്കുകയോ വിഷം കഴിക്കുകയോ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ അത് കോവിഡ് മരണത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോവിഡ് മരണ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയത്.
 

Latest News