Sorry, you need to enable JavaScript to visit this website.

കമ്മ്യൂണിസം ആണോ ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി? ചോദ്യം പി.ശ്രീരാമകൃഷ്ണന്‍റേത്

കമ്മ്യൂണിസം ആണോ ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണിയെന്നും അതിനെതിരെ ആണോ ഇപ്പോള്‍ ഇന്ത്യയില്‍ ജാഗ്രത വേണ്ടതെന്നുമുള്ള ചോദ്യവുമായി സി.പി.എം നേതാവും മുന്‍ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍.... വസ്തുതാപരം അല്ലാത്ത ഈ പ്രചരണം മാന്യത യാണോ അതോ കാപട്യമോ ? എന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

മത രാഷ്ട്രീയം നാടിന് ഗുണം ചെയ്യില്ലെന്ന് വിശ്വാസികള്‍ അംഗീകരിക്കുന്നതിന് കമ്യൂണിസ്റ്റുകാര്‍ക്ക് നേരെ കുതിരകയറുകയല്ല വേണ്ടത്. പുതിയ തലമുറ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. സ്വതന്ത്രമായി ചിന്തിക്കുന്നവരും വസ്തുതകള്‍ വിലയിരുത്തുന്നവരുമാണ്. ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റുകാരെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം കമ്യൂണിസമാണോ രാജ്യമിപ്പോള്‍ നേരിടുന്ന വലിയ ഭീഷണിയെന്ന് ചിന്തിച്ച് മനസിലാക്കുകയാണ് വേണ്ടതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ് വയാക്കാം:

ജാമിയ്യ നൂരിയ അറബിക്കോളേജിന്റെയും, ശാന്തപുരം ഇസ്ലാമിയ കോളേജിന്റെയും നടുവില്‍ ജനിച്ചു വളര്‍ന്നു, മതബോധം എന്നത് സ്‌നേഹമല്ലാതെ മറ്റൊന്നുമല്ലെന്ന് അനുഭവിച്ചറിഞ്ഞ എനിക്ക് ഒരു കാലത്തും മത രാഷ്ട്രീയത്തിന്റെ ഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

രാഷ്ട്രീയവും അല്ലാത്തതുമായ താല്‍പര്യങ്ങള്‍ കലരുമ്പോള്‍ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങള്‍ കൈവരുന്നത് എന്ന് എനിക്ക് അനുഭവം ഉണ്ടായിരുന്നു.

അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം ഉത്സവത്തിന് പതിനൊന്നാം ദിനത്തില്‍ കൗതുകത്തിന് വെറും കൗതുകത്തിന് പേരില്‍ ക്ഷേത്രത്തിന്റെ പടികള്‍ കയറാന്‍ ശ്രമിക്കുന്ന അന്യമതസ്ഥരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ കാണിക്കുന്ന അതി താല്‍പര്യത്തില്‍ വെറുപ്പ് തോന്നി ഒരിക്കല്‍ മുടി മൊട്ടയടിച്ച് ക്ഷേത്ര പടവുകള്‍ കയറിയ എന്നെയും ചോദ്യംചെയ്യാന്‍ ചിലര്‍ വന്നു.

പേര് പറയണം എന്നായി. പറയില്ലെന്ന് വാശിപിടിച്ചു എങ്കിലും ഒടുവില്‍ അവരുടെ ഭീഷണിക്കു വഴങ്ങി പേര് പറയേണ്ടിവന്നു.

ഏതു മതത്തിന്റെ പേരിലാണ് ഈ ആസുരതയുടെ അഴിഞ്ഞാട്ടം എന്ന് എന്നും വേട്ടയാടിയിരുന്ന ഒരു ചോദ്യമാണ്.

മനസ്സില്‍ ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ പ്രത്യയശാസ്ത്രം കാണിച്ച വഴികളിലൂടെ സഞ്ചരിക്കാനുള്ള ശക്തിയുടെ സ്രോതസ് അതുതന്നെ.

മത രാഷ്ട്രീയം അത് ആരുടെ പേരില്‍ ആയാലും നാടിന് ഗുണം ചെയ്യില്ല എന്ന് ഇന്ന് മതേതരവാദികള്‍, മാത്രമല്ല വിശ്വാസ സമൂഹവും അംഗീകരിക്കുന്നുണ്ട്. വിശ്വാസികള്‍ അങ്ങനെ ചിന്തിക്കുന്നതിന് കമ്യൂണിസ്റ്റുകാര്‍ക്ക് നേരെ കുതിര കയറി തൃപ്തിയടയുക അല്ല വേണ്ടത് . സ്വയം ആവശ്യമായ തിരുത്തലുകള്‍ നടത്തുകയാണ് ചെയ്യേണ്ടത്. ഒരു ചെറിയ വിമര്‍ശനം വരുമ്പോഴേക്ക് പോലും അസഹിഷ്ണുതയുടെ ആക്രമണോത്സുകമായ ഭാവം പുറത്തിറക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക.

പുതിയ തലമുറ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. പോരാളികളാണ്. അവര്‍ സ്വതന്ത്രമായി ചിന്തിക്കും. വസ്തുതകള്‍ വിലയിരുത്തും. സ്വയം തീരുമാനത്തിലെ തുകയും ചെയ്യും.

ഞാന്‍ വീണ്ടും ചോദിക്കുന്നു. കമ്മ്യൂണിസം ആണോ ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി? അതിനെതിരെ ആണോ ഇപ്പോള്‍ ഇന്ത്യയില്‍ ജാഗ്രത വേണ്ടത്?... വസ്തുതാപരം അല്ലാത്ത ഈ പ്രചരണം മാന്യത യാണോ അതോ കാപട്യമോ ?

സ്വയം ചിന്തിക്കൂ അല്ലാതെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ...

Latest News