പ്രവാസിയും ഭാര്യയും കുഞ്ഞും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കൊച്ചി- വീടിനകത്ത് അച്ഛനും അമ്മയും കുട്ടിയുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പ് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.
പരേതനായ മുരളീധരന്റെയും ലതയുടെയും മകനാണ് സുനില്‍. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടില്‍ ആക്കിയ ശേഷം സുനിലും കുടുംബവും വ്യാഴാഴ്ച കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ തിരിച്ചെത്തിയത്. ഈ വിവരം തറവാട്ടില്‍ അറിയിക്കുകയും ഇന്നലെ രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇന്നലെ  സുനില്‍ തറവാട്ടില്‍ എത്തിയില്ല. ഇരുവരുടെയും ഫോണില്‍ മാറി മാറി വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെ.പി.എ.സി സജീവ് വൈകുന്നേരം നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതില്‍ തുറന്ന സജീവ് കണ്ടത് സുനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു.
സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്. സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്ക് മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാര്‍ഥ കാരണം പോലീസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. ഏക സഹോദരന്‍ മിഥുന്‍ വിദേശത്താണ്.

 

 

Latest News