സൗദിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും

ദമാം- ആശുപത്രിയിലെ ബാത്‌റൂമില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ആലക്കോട് സ്വദേശിനി ജോമി ജോണ്‍ സെലിന്റെ (28) മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ആശുപത്രിയിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നെടുത്ത് കൂടിയ അളവില്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്.
ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.

 

Latest News