കൂടെ താമസിക്കാന്‍ സുന്ദരി വരുമെന്ന് കരുതി, സൈനിക രഹസ്യങ്ങള്‍ കൈമാറി

ജയ്പൂര്‍- ഹണി ട്രാപ്പില്‍ കുടുങ്ങി ഇന്ത്യന്‍ സേനയുടെ രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഏജന്റിനു കൈമാറിയ 27 കാരനായ തപാല്‍ ജീവനക്കാരന്‍ പിടിയില്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അറസ്റ്റിലായ ഭാരത് ബവ്‌റി എന്നയാളുമായി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റ് ബന്ധപ്പെട്ടിരുന്നതെന്ന് മിലിറ്ററി ഇന്റലിജന്‍സ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനുസമീപമുള്ള പോസ്റ്റ് ഓഫീസില്‍ അസിസ്റ്റന്റായിരുന്നു ഇയാള്‍.
നാലഞ്ച് മാസം മുമ്പാണ് ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഒരു സ്ത്രീ ബന്ധപ്പെട്ടത്. പിന്നീട് സംസാരം വാട്‌സാപ്പിലേക്കും വിഡിയോ കോളുകളിലേക്കും മാറി. നഴ്‌സിംഗിനുശേഷം എം.ബി.ബി.എസിന് പഠിക്കുകയാണെന്നും ബന്ധുക്കളിലൊരാള്‍ ജയ്പൂരിലെ സൈനിക യൂനിറ്റിലേക്ക് മാറി വരുന്നുണ്ടെന്നുമാണ് പറഞ്ഞിരുന്നു. സൗഹൃദം വര്‍ധിച്ച ശേഷം സൈന്യവുമായി ബന്ധപ്പെട്ട് തപാലില്‍ വരുന്നവയുടെ ഫോട്ടോകള്‍ ആവശ്യപ്പെട്ടു. പിന്നീട് താന്‍ ജയ്പൂരിലേക്ക് വരുന്നുണ്ടെന്നും ഒരുമിച്ച് കഴിയാമെന്നും അറിയിച്ച ശേഷം വ്യാജ ഫോട്ടോകള്‍ അയച്ചു. പാക്കിസ്ഥാനി വനിതാ ഏജന്റിനെ വിശ്വസിച്ച തപാല്‍ ജീവനക്കാരന്‍ സൈന്യത്തിലേക്ക് വരുന്ന തപാല്‍ ഉരുപ്പടികള്‍ തുറന്ന് അവയുടെ ഫോട്ടോകള്‍ വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്തു തുടങ്ങി.
സ്വന്തം പേരിലെടുത്ത ഒരു സിമ്മും വാട്‌സാപ്പിനായുള്ള ഒ.ടി.പിയും ഇയാള്‍ പാക് ഏജന്റിനു നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. ഇത് ഉപയോഗിച്ച് വനിതാ ഏജന്റിനും സഹായികള്‍ക്കും സൈനികരെ കുടുക്കാന്‍ സാധിച്ചുവെന്നും പോലീസ് വെളിപ്പെടുത്തി.

 

Latest News