കശ്മീരിലെ സാഹോദര്യം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് രാഹുല്‍ ഗാന്ധി

ജമ്മു-കശ്മീരിലെ സാഹോദര്യം തകര്‍ക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.  കേന്ദ്ര സര്‍ക്കാര്‍ എടുത്തകളഞ്ഞ സംസ്ഥാന പദവി ജമ്മു കശ്മീര്‍ തിരിച്ചുപിടിക്കണമെന്നും ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ പൊതുപരിപാടിയില്‍ പറഞ്ഞു.
കശ്മീരിന് തന്റെ ഹൃദയത്തില്‍ പ്രത്യക സ്ഥാനമുണ്ട്. ഹൃദയം ഇപ്പോള്‍ വേദനിക്കുകയാണ്. ജമ്മു കശ്മീരില്‍ സഹോദര്യമുണ്ടായിരുന്നു. ബിജെപിയും ആര്‍എസ്എസും ഈ സഹോദര്യ ബന്ധം തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
താനും  തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റാണ്. മാതാപിതാക്കള്‍ക്ക് ജമ്മു കശ്മീരുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. മാതാ വൈഷ്‌ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയതു പോലെയാണ് അനുഭവപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ വന്നുകണ്ടിരുന്നു. കോണ്‍ഗ്രസ് അവര്‍ക്കായി മുമ്പ് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും എന്നാല്‍ ബിജെപി യാതൊന്നും ചെയ്തിട്ടില്ലെന്നുമാണ് അവര്‍ പരാതിപ്പെട്ടത്. കശ്മീരിലെ സഹോദരങ്ങള്‍ക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നതായി രാഹുല്‍ പറഞ്ഞു.

 

Latest News