പനമരം-നെല്ലിയമ്പം കാവടത്ത് റിട്ടയേര്‍ഡ് അധ്യാപകന്‍ പദ്മാലയത്തില്‍ കേശവന്‍(70), ഭാര്യ പദ്മാവതി(68) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവാവ് വിഷം കഴിച്ചു.
കൊല്ലപ്പെട്ട ദമ്പതികളുടെ വീടിനടുത്തുള്ള താഴെ നെല്ലിയമ്പം കുറുമ കോളനിയിലെ പരേതരായ ബാബു-ഇന്ദിര ദമ്പതികളുടെ മകന്‍ അര്‍ജുനാണ്(23) എലിവിഷം കഴിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്നു മേപ്പാടി അരപ്പറ്റ വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള യുവാവ് അപകടനില പിന്നിട്ടതായാണ് വിവരം.
മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി വ്യാഴാാഴ്ച രാവിലെയാണ് അര്‍ജുനനെ വീട്ടില്‍നിന്നു പോലീസ് കൊണ്ടുപോയത്. ഡിവൈ.എസ്.പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യലിനിടെ ശൗചാലയത്തില്‍ പോകണമെന്നു അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതനുവദിച്ചപ്പോള്‍ അര്‍ജുന്‍ പുറത്തേക്ക് ഓടിയെന്നും പോലീസുകാര്‍ കണ്ടെത്തി പിടിച്ചുകൊണ്ടുവന്നപ്പോഴാണ് എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതെന്നും ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ പറഞ്ഞു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അര്‍ജുനനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍നിന്നു പുറപ്പെടുമ്പോള്‍ കൈയില്‍ കരുതിയ വിഷമാണ് അര്‍ജുന്‍ കഴിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എവിടെവെച്ചാണ് വിഷം കഴിച്ചതെന്നു സ്ഥീരീകരിക്കാനായില്ല.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടു കോളനി വാസികള്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി. പോലീസിന്റെ ദേഹോദ്രവം സഹിക്കവയ്യാതെയാണ് അര്‍ജുന്‍ ആത്മഹത്യക്കു ശ്രമിച്ചതെന്നും ഉച്ചഭക്ഷണത്തിനു പോലീസ് കാന്റീനില്‍ കൊണ്ടുപോയപ്പാണ് വിഷം കഴിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ടു പോലീസ് കോളനിവാസികളെ നിരന്തരം പീഡിപ്പിക്കുകയാണെന്ന ആരോപണവും പരാതിയിലുണ്ട്. അര്‍ജുന്‍ സഹോദരനൊപ്പമാണ് വീട്ടില്‍ താമസം. ദമ്പതികള്‍ കൊല്ലപ്പെട്ട വീടിനു പിന്നലെ വയലിലൂടെ കോളനിയില്‍ എളുപ്പമെത്താം.
ജൂണ്‍ 10നു രാത്രി എട്ടരയോടെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കും വെട്ടുംകുത്തുമേറ്റ കേശവന്‍ രാത്രിതന്നെ മരിച്ചു.നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
കാവടത്തു പ്രധാന നിരത്തില്‍നിന്നു കുറച്ചുമാറി കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ കോണിപ്പടിക്കടുത്ത് സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്. തുണി മുറിവില്‍ അമര്‍ത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. നാട്ടൂകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
പരിസരവാസിയും പോലീസ് ഉദ്യോഗസ്ഥനുമായ അജിത്താണ് വീട്ടില്‍ ആദ്യം എത്തിയത്. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മക്കള്‍ മറ്റിടങ്ങളിലാണ് താമസം. വീടിന്റെ മുകള്‍നിലയില്‍നിന്നു ഇറങ്ങിവന്ന മുഖംമൂടി ധരിച്ച രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് മരണപ്പെടുന്നതിനു മുമ്പ് പദ്മാവതി പറഞ്ഞത്. വീട്ടില്‍ മോഷണം നടന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നില്ല.
പ്രത്യേക സംഘം രൂപീകരിച്ചു നടത്തുന്ന കേസ് അന്വേഷണം മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിനകം കുടുംബാംഗങ്ങളും ബന്ധുക്കളും പ്രദേശവാസികളുമടക്കം നിരവധിയാളുകളെയാണ് പോലീസ് ചോദ്യം ചെയ്തത്. 1,200ലധികം ആളുകളുടെ വിലരടയാളവും സമീപ-വിദൂര സ്ഥലങ്ങളില്‍നിന്നു ശേഖരിച്ച സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസിന്റെ ചുരളഴിക്കാന്‍ സഹായകമായ സുചനകള്‍ ലഭിച്ചില്ല. വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായില്ല.പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നെല്ലിയമ്പം.






