കണ്ണൂർ - ശരിയായ രൂപത്തിലുള്ള ബദലിനു മാത്രമേ ബി.ജെ.പിയെ ഒറ്റപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും, ഏച്ചു കെട്ടിയുണ്ടാക്കുന്ന മുന്നണികൾക്കു അതിനു കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനം നായനാർ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
ബി.ജെ.പിയെ പരാജയപ്പെടുത്തിയാൽ മാത്രമേ ഹിന്ദുത്വ വാദികളെ ഒറ്റപ്പെടുത്താൻ സാധിക്കൂ. മതേതര ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് സി.പി.എം കാണുന്നത്. കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുക എന്നതല്ല സി.പി.എം ലക്ഷ്യം. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തണം. യോജിക്കാവുന്നവരുമായി കൂട്ടു ചേർന്ന് നടത്തുന്ന ഇത്തരം പ്രക്ഷോഭങ്ങളിൽ മതേതരത്വ ജനാധിപത്യ ശക്തികളെ ഒറ്റക്കെട്ടായി അണിനിരത്തണം. പാർട്ടിയുടെ തഴെ തട്ടിൽ നിന്നു തന്നെ അതിനുള്ള പരിശ്രമം ഉണ്ടാവണം. രാഷ്ട്രീയ തെരഞ്ഞെടുപ്പ് സഖ്യമായല്ല ഇതിനെ കാണേണ്ടത്. പാർട്ടിയെ വളർത്തുന്നതിനാവണം മുഖ്യപരിഗണന നൽകേണ്ടത്. വ്യക്തമായ പരിപാടിയുടെ അടിസ്ഥാനത്തിലാവണം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടത്. രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും ഇടപെടാൻ സാധിക്കണം. - പിണറായി പറഞ്ഞു.
ദേശീയ തലത്തിൽ ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും കോൺഗ്രസ്സിനു കഴിയുന്നില്ല. ഇതാണ് കോൺഗ്രസ്സിന്റെ പരാജയ കാരണം. ജനങ്ങൾ കോൺഗ്രസ്സിനെ കൈയ്യൊഴിഞ്ഞു കൊണ്ടിരിക്കയാണ്. നഷ്ടപ്പെടുന്ന ജനപിന്തുണ വീണ്ടെടുക്കാൻ കോൺഗ്രസ് തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് ബി.ജെ.പിയുടെ വളർച്ചക്കു സഹായകമാവുന്നത്. ബി.ജെ.പി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും സാധാരണക്കാരുടെ നട്ടെല്ല് ഒടിച്ചു. സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിനെ സി.പി.എം ആദ്യം മുതൽ എതിർത്തിരുന്നതാണ്. കർഷകരും ചെറുകിട വ്യാപാരികളും അടക്കമുള്ളവരാണ് ഇതിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത്. - പിണറായി പറഞ്ഞു.
പ്രതിനിധി സമ്മേളന നഗരിയിൽ ഒ.വി.നാരായണൻ പതാക ഉയർത്തി. എം.വി.ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജയരാജൻ രക്തസാക്ഷി പ്രമേയവും സി.കൃഷ്ണൻ എം.എൽ.എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, നേതാക്കളായ എ.കെ.ബാലൻ, എം.എം.മണി, കെ.കെ.ശൈലജ ടീച്ചർ, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ടി.വി.രാജേഷ്, ജെയിംസ് മാത്യു, എം.വി.ഗോവിന്ദൻ മാസ്റ്റർ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, കാസർഗോഡ് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.






