വിസ്മയ കേസ്:  കിരണിനെതിരെ ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകള്‍

കൊല്ലം- വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നല്‍കുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി.ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയില്‍ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യത്തില്‍ ഇറങ്ങുന്ന തടയാനാണാണ് 90 നാള്‍ തികയുംമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയും വരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Latest News